പത്തനംതിട്ട: നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ നടപടി. ചുട്ടിപ്പാറ ഗവണ്‍മെന്റ് നഴ്‌സിങ് കോളേജ് നാലാം വര്‍ഷ വിദ്യാര്‍ഥിനിയായ അമ്മു സജീവ് (22) ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് വീണുമരിച്ച സംഭവത്തിലാണ് നടപടിയുണ്ടായിരിക്കുന്നത്. ചുട്ടിപ്പാറ കോളേജ് പ്രിന്‍സിപ്പലിനെ സ്ഥലംമാറ്റുകയും കേസില്‍ പ്രതികളായ മൂന്ന് വിദ്യാര്‍ഥിനികളെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.
സീപാസിന് കീഴിലുള്ള സീതത്തോട് കോളേജിലേക്കാണ് പ്രിന്‍സിപ്പൽ പ്രൊഫ. അബ്ദുല്‍ സലാമിനെ സ്ഥലം മാറ്റിയത്. പകരം സീതത്തോട് കോളേജ് പ്രിന്‍സിപ്പല്‍ ആയിരുന്ന തുഷാരയെ ചുട്ടിപ്പാറയിലേക്ക് മാറ്റി. കേസില്‍ പ്രതികളായ പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശി എ.ടി. അക്ഷിത, കോട്ടയം അയര്‍ക്കുന്നം സ്വദേശി അഞ്ജന മധു എന്നീ വിദ്യാര്‍ഥിനികളേയാണ് സസ്‌പെന്‍ഡ് ചെയ്തത്.നവംബർ 15നാണ് അയിരൂപ്പാറ സ്വദേശിയായ അമ്മു സജീവ് പത്തനംതിട്ടയില്‍ താമസിച്ചിരുന്ന ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന് വീണുമരിച്ചത്. അമ്മുവിനെ അപായപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിച്ചിരുന്നു.