BREAKING NEWS
dateTUE 1 JUL, 2025, 9:52 AM IST
dateTUE 1 JUL, 2025, 9:52 AM IST
back
Homeundefined
undefined
SREELAKSHMI
Mon Jun 23, 2025 01:27 PM IST
നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിന്റെ ആറാട്ട്‌; പിതാവിന്റെ തട്ടകം തിരിച്ചുപിടിച്ച് മകന്‍
NewsImage

നിലമ്പൂര്‍: ആര്യാടന്‍ മുഹമ്മദിന് ചുറ്റും കറങ്ങിത്തിരിയുന്നതായിരുന്നു ഒരുകാലത്ത് മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസ്. ആര്യാടനപ്പുറം കോണ്‍ഗ്രസിന് മറുവാക്കുണ്ടായിരുന്നില്ല. 1965-ല്‍ ആദ്യമത്സരം, പക്ഷെ വിജയിച്ച് എം.എല്‍.എ ആവുന്നത് 1977-ല്‍.

1982 ന് ശേഷം 2016 ല്‍ കളം വിടും വരെ ആര്യാടനല്ലാതെ നിലമ്പൂരില്‍ കോണ്‍ഗ്രസില്‍ നിന്ന് ആരും മത്സരിച്ചിട്ടുമില്ല എം.എല്‍.എയും ആയിട്ടുണ്ടായിരുന്നില്ല. 1982-ല്‍ ടി.കെ ഹംസയോടേറ്റ ഒറ്റ പരാജയം മാത്രം. അവിടേക്കായിരുന്നു പിതാവിന്റെ പാത പിന്തുടരാന്‍ മകന്‍ ഷൗക്കത്തിനെ 2016-ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയത്. പക്ഷെ പി.വി അന്‍വറിന് മുന്നില്‍ തോറ്റു. ഇത് കോണ്‍ഗ്രസിനുണ്ടാക്കിയ ക്ഷീണവും ചെറുതായിരുന്നില്ല. ആ ക്ഷീണമാണ് ഒമ്പത് വര്‍ഷത്തിനിപ്പുറം അതേ ഷൗക്കത്തിലൂടെ കോണ്‍ഗ്രസ് ഇത്തവണ മറികടന്നത്.

ഷൗക്കത്താണ് സ്ഥാനാര്‍ഥിയെന്ന് കോണ്‍ഗ്രസ് നേരത്തെ ഉറപ്പിച്ചിരുന്നുവെങ്കിലും ഇടതുപക്ഷം വിട്ട് യു.ഡി.എഫിലേക്ക് ചേക്കേറാന്‍ ശ്രമിച്ച പി.വി അന്‍വറിന്റെ കടുത്ത എതിര്‍പ്പ് അതിജീവിക്കണമായിരുന്നു ഷൗക്കത്തിനെതിരേയുണ്ടായിരുന്നത്. ഇത് ആദ്യം മുതല്‍ക്ക് തന്നെ വിവാദങ്ങള്‍ക്ക് തുടക്കമിട്ടെങ്കിലും ഈ വിവാദങ്ങളെ വോട്ട് ചോര്‍ച്ചയിലേക്ക് നയിക്കുമെന്ന ഇടതിന്റെ കണക്കുകൂട്ടലുകളെയാണ് ഇത്തവണ കോണ്‍ഗ്രസും യുഡിഎഫും തെറ്റിച്ചത്.ജമാ അത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍പാര്‍ട്ടിയുമായി യു.ഡി.എഫ് നിലമ്പൂരിലും സഹകരിക്കുമ്പോള്‍ വിവാദമുയര്‍ത്തി യു.ഡി.എഫ് വോട്ടുകളില്‍ വിള്ളലുണ്ടാക്കാമെന്നായിരുന്നു ഇടതുപക്ഷം കണക്ക് കൂട്ടിയത്. പ്രത്യേകിച്ച് മുസ്ലീം ഭൂരിപക്ഷമല്ലാത്ത നിലമ്പൂര്‍ പോലുള്ള ഒരു മണ്ഡലത്തില്‍ ഹിന്ദു വോട്ടുകള്‍ അങ്ങനെ തങ്ങള്‍ക്ക് അനുകൂലമാക്കാമെന്നും കരുതിയിരുന്നു. പക്ഷെ ഈ കണക്കുകൂട്ടലുകളെയൊക്കെയാണ് നിലമ്പൂര്‍ ഫലം തെറ്റിച്ചു കളഞ്ഞത്.

നിലമ്പൂരിന്റെ ചരിത്ര വോട്ടിംഗ് ശതമാനത്തില്‍ ഇരുമുന്നണികളും പ്രതീക്ഷയര്‍പ്പിക്കുകയും പി.വി അന്‍വര്‍ പിടിക്കുന്ന വോട്ടുകള്‍ ആരെ തുണക്കുമെന്നത് സംബന്ധിച്ച് ആശങ്കയിലാവുകയും ചെയ്തിരുന്നുവെങ്കിലും ആരോപണങ്ങളൊന്നും യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചില്ലെന്ന് വേണം മനസ്സിലാക്കാന്‍. ജമാ അത്തെ ഇസ്ലാമിയും പി.ഡി.പിയും അങ്ങനെ വിവാദത്തിലൊതുങ്ങുകയും ചെയ്തു. ആര്യാടന്‍ സ്ഥാനാര്‍ഥിയായാല്‍ വോട്ടുകുറയുമെന്ന കാര്യം 2016-ലെ ഫലത്തെ അടിസ്ഥാനമാക്കി അന്‍വര്‍ മുന്നോട്ടുവെച്ചെങ്കിലും ഇതിനെ കൃത്യമായി മറികടക്കാന്‍ ഇത്തവണ യു.ഡി.എഫിനായി.

2016ല്‍ ആര്യാടന്‍ ഷൗക്കത്ത് മത്സരിച്ചപ്പോള്‍ കോണ്‍ഗ്രസിന് വോട്ട് കുറഞ്ഞ അതേ സാഹചര്യം 2025 ലും ഷൗക്കത്ത് മത്സരിക്കുമ്പോള്‍ സംഭവിക്കുമെന്നായിരുന്നു അന്‍വറടക്കമുള്ളവര്‍ കണക്ക് കൂട്ടിയത്. 2016-ല്‍ 40.83 ശതമാനം വോട്ടാണ് ഷൗക്കത്ത് മത്സരിച്ചപ്പോള്‍ യു.ഡി.എഫിന് ലഭിച്ചിരുന്നതെങ്കില്‍ 2021-ല്‍ ആര്യാടന് പകരം വി.വി പ്രകാശ് മത്സരിച്ചപ്പോള്‍ അത് 45.3 ശതമാനത്തിലേക്കെത്തിക്കാന്‍ യു.ഡി.എഫിനായിരുന്നു. എന്നാല്‍ 2025-ല്‍ വീണ്ടും ഷൗക്കത്ത് വന്നതോടെ 2016-ലെ സാഹചര്യത്തിലേക്ക്‌പോവാതെ പിടിച്ച് നില്‍ക്കാന്‍ യു.ഡി.എഫിനായത് ഏറെ ആശ്വസമാണ്. ഇതോടെ ആര്യാടന്‍ വിരുദ്ധ വോട്ടുകള്‍ വിധി നിര്‍ണിയിക്കുമെന്ന അന്‍വറിന്റെ പ്രവചനവും തെറ്റിപ്പോയി. അങ്ങനെ ഒമ്പത് വര്‍ഷത്തിന് ശേഷം ആര്യാടന്‍ ലെഗസി പിടിച്ചെടുക്കാന്‍ മകന്‍ ഷൗക്കത്തിനായി.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE