കന്യാകുമാരി:45 ദിവസം പ്രായമുള്ള പെൺ കുഞ്ഞിനെ ടിഷ്യൂ പേപ്പർ തിരുകി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി അമ്മ. കന്യാകുമാരിയിലെ കരുങ്ങലിൽ വ്യാഴാഴ്ച രാവിലെയോടെയാണ് സംഭവം. അമ്മ ബനിറ്റ ജയയെ (21) പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനോട് ഭർത്താവ് അമിത വാത്സല്യം കാണിച്ചതാണ് കൊലപാതകത്തിന് ബനിറ്റയെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.
ബെനിറ്റ ഒരു വർഷം മുമ്പാണ് തിരുപ്പൂരിൽ ജോലി ചെയ്യുന്നതിനിടെ കാർത്തിക് (21) എന്നയാളുമായി പ്രണയത്തിലായി കല്ല്യാണം കഴിക്കുന്നത്. പൊലീസ് പറയുന്നത്.പ്രസവശേഷം ബെനിറ്റ മാതാപിതാക്കളോടൊപ്പമാണ് താമസിച്ചിരുന്നതെന്നും കാർത്തിക് ഇടയ്ക്കിടെ അമ്മയെയും കുഞ്ഞിനെയും സന്ദർശിക്കാറുണ്ടായിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു. കാർത്തിക് തന്നേക്കാൾ കുഞ്ഞിനോട് കൂടുതൽ സ്നേഹം കാണിക്കുന്നുണ്ടെന്ന് ബെനിറ്റയ്ക്ക് തോന്നിയതോടെയാണ് കുറ്റക്കൃത്യത്തിലേക്ക് നയിച്ചത്.വ്യാഴാഴ്ച കാർത്തിക് ഭാര്യവീട്ടിലെത്തിയപ്പോഴാണ് കുഞ്ഞിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ബെനിറ്റയ്ക്കും മാതാപിതാക്കൾക്കും ഒപ്പം കാർത്തിക് കുഞ്ഞിനെയുമെടുത്ത് കരുങ്ങലിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും കുഞ്ഞ് മരിച്ചുവെന്ന് ഡോക്ടർമാർ പറഞ്ഞു. മുലപ്പാൽ കുടുങ്ങിയാണ് മരണമെന്നായിരുന്നു പ്രാഥമിക നിഗമനം.
എന്നാൽ കുഞ്ഞിനെ ഭാര്യ ഉപദ്രവിച്ചിട്ടുണ്ടെന്നും ദുരൂഹതയുണ്ടെന്നുമുള്ള കാർത്തികിന്‍റെ മൊഴിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിൽ കുഞ്ഞിന്റെ നെറ്റിയിൽ നിന്നും രക്തം വരുന്നതും തൊണ്ടയിൽ നിന്ന് ടിഷ്യു പേപ്പറും കണ്ടെത്തി. വായിൽ ടിഷ്യു പേപ്പർ തിരുകിക്കയറ്റിയതിനെ തുടർന്ന് ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചതെന്ന് പിന്നീട് സ്ഥിരീകരിച്ചു.