കോഴിക്കോട് : രണ്ടാം പിണറായി സര്‍ക്കാര്‍ നാലു വര്‍ഷം പൂര്‍ത്തീകരിച്ച വേളയില്‍ ഒന്നും രണ്ടും എല്‍ഡിഎഫ് സര്‍ക്കാരുകളുടെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. മാറ്റം പ്രകടമാണെന്നും ജനങ്ങള്‍ അത് അനുഭവിച്ചറിയുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒന്നും നടക്കില്ലെന്ന് വെല്ലുവിളിച്ചവരൊക്കെ ഇപ്പോള്‍ നിശബ്ദരായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വികസനത്തിന്റെയും സാമൂഹിക പുരോഗതിയുടെയും തുടര്‍ച്ചയുള്ള ഒമ്പത് വര്‍ഷമാണ് പിന്നിട്ടിരിക്കുന്നത്. പ്രകടനപത്രികയിലെ വാഗ്ദാനങ്ങളുടെ പ്രവര്‍ത്തന പുരോഗതി എല്ലാവര്‍ഷവും പൊതുജനങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നുണ്ട്. തിരുവനന്തപുരത്ത് നടക്കുന്ന വാര്‍ഷിക ആഘോഷ സമാപന റാലിയില്‍ ഈ വര്‍ഷത്തെ പ്രോഗസ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
'കോവിഡ് പ്രതിസന്ധികളെയും സാമ്പത്തിക രംഗത്തെ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രങ്ങള്‍ സൃഷ്ടിക്കുന്ന ബിദ്ധിമുട്ടും അതിജീവിച്ചാണ് കേരളം മുന്നോട്ട് പോകുന്നത്. മാറ്റങ്ങള്‍ പ്രകടമാണ്. അത് നാട്ടിലെ ജനങ്ങള്‍ അവരവരുടെ ജീവിതത്തില്‍ അനുഭവിക്കുന്നുണ്ട്.
കേരളത്തില്‍ ഒന്നും നടക്കില്ലെന്ന ധാരണ ഒരു ഘട്ടത്തിലുണ്ടായിരുന്നു. അത് തീര്‍ത്തും അപ്രത്യക്ഷമായി. അങ്ങനെ വെല്ലുവിളിച്ചവരൊക്കെ നിശബ്ദരായി. വിഴിഞ്ഞം യാഥാര്‍ഥ്യമാക്കാനായി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തറക്കല്ലിട്ടെങ്കിലും നിര്‍മാണം നൂറു ശതമാനം തീര്‍ത്തത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. യുഡിഎഫ് സര്‍ക്കാരിന്റെ അലംഭാവം കാരണം വഴിമുട്ടിനിന്ന ഒട്ടേറ പദ്ധതികളുണ്ടായിരുന്നു. അതിലൊന്നാണ് ദേശീയപാത വികസനം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തികൊണ്ട് മാത്രമാണ് അത് പൂര്‍ത്തീകരിച്ചത്. ഇഴഞ്ഞുനീങ്ങിയ കൊച്ചി മെട്രോയും കണ്ണൂര്‍ വിമാനത്താവളവും പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കാനായി. അസാധ്യമെന്ന് പലരും വെല്ലുവിളിച്ച യുഡിഎഫ് ഉപേക്ഷിച്ച ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിയും പൂര്‍ത്തിയാക്കി. വൈദ്യുതി പ്രസരണരംഗത്തും കാര്‍ഷിക-വ്യാവസായിക രംഗത്തും വന്‍കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കിയ ഇടമണ്‍ കൊച്ചി പവര്‍ഹൈവേയും സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചു. കേരളത്തിന്റെ മുഖഛായമാറ്റുന്ന വന്‍ പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്' മുഖ്യമന്ത്രി പറഞ്ഞു.
2016 മുതല്‍ ഇതുവരെ 2,80,934 ഉദ്യോഗാര്‍ഥികള്‍ക്ക് പിഎസ്‌സി വഴിനിയമനം നല്‍കി. ലൈഫ് മിഷന്‍ പദ്ധതിയിലൂടെ 4,51,631 വീടുകള്‍ പൂര്‍ത്തീകരിച്ച് നല്‍കാനായി. എല്‍ഡിഎഫ് അധികാരത്തില്‍ വന്നശേഷം 4,00,956 പട്ടയങ്ങളാണ് ഇതുവരെ വിതരണം ചെയ്തത്. 2,23,945 പട്ടയങ്ങള്‍ 2021ന് ശേഷം വിതരണം ചെയ്തതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സാമൂഹികക്ഷേമ പെന്‍ഷന്‍ 600 രൂപയില്‍നിന്ന് 1600യിലേക്കെത്തി. 60 ലക്ഷം പേര്‍ക്ക് ഇപ്പോള്‍ എല്ലാ മാസവും നല്‍കി വരുന്നുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ 18 മാസത്തെ പെന്‍ഷന്‍ കുടിശ്ശികയാക്കിയാണ് പോയത്. രാജ്യത്ത് ഏറ്റവും കുറവ് വിലക്കയറ്റമുള്ള സംസ്ഥാനമാണ് കേരളം. ജനക്ഷേമ നടപടികളിലൂടെ വിപണയില്‍ കൃത്യമായി ഇടപെടുന്നതുകൊണ്ടാണ് കേരളത്തില്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കഴിയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരളം യാഥാര്‍ഥ്യമാക്കാന്‍ കേരളജനത മുഴുവന്‍ സര്‍ക്കാരിനൊപ്പമുണ്ട്. ജനങ്ങള്‍ നല്‍കുന്ന കരുത്താണ് സര്‍ക്കാരിന്റെ ഊര്‍ജമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.