കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ പി.പി ദിവ്യക്കെതിരെ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.മുഹമ്മദ് ഷമ്മാസ്. കാർട്ടൺ ഇന്ത്യ അലൈൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് കോടികളുടെ കരാറുകൾ ലഭിച്ചതും കമ്പനി ഡയറക്ടറായ മുഹമ്മദ് ആസിഫും പി.പി ദിവ്യയുടെ ഭർത്താവ് വി.പി അജിത്തും കണ്ണൂരിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ പാലക്കയം തട്ടിൽ നാലേക്കറോളം ഭൂമി വാങ്ങിയതും അന്വേഷിക്കണം എന്നാണ് ആവശ്യം.
കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപം ബിൽഡിംഗ് നിർമ്മിക്കാൻ 49 സെന്റ് സ്ഥലം 2,40,32,500 രൂപയ്ക്ക് വാങ്ങിയതിന് പിന്നിലും അഴിമതിയുണ്ടെന്നും പി.മുഹമ്മദ് ഷമ്മാസ് ആരോപിച്ചു. വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്തയെ നേരിട്ട് കണ്ടാണ് പരാതി നൽകിയത്.ഭൂമി ഇടപാടുകളുടെയും മറ്റ് അഴിമതികളുടെയും രേഖകൾ സഹിതമാണ് പരാതി നൽകിയതെന്നും ഷമ്മാസ് പറഞ്ഞു. സ്കൂളുകളിൽ കുടുംബശ്രീ കിയോസ്ക് നിർമ്മിച്ചതിലുൾപ്പടെയുള്ള പദ്ധതികളിൽ വ്യാപക അഴിമതി നടന്നുവെന്നും മുഹമ്മദ് ഷമ്മാസ് ആരോപിച്ചു.