തിരുവനന്തപുരം : ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് പൊങ്കാല നടക്കുന്ന മാർച്ച് 13ന് തിരുവനന്തപുരം ജില്ലയിൽ ജില്ലാകളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ , അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും അന്നേദിവസം അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ അനുകുമാരി അറിയിച്ചു.
മാർച്ച് 5ന് രാവിലെ 10ന് കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ.യാണ് ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് തുടക്കമാകുന്നത്. 14ന് രാത്രി 10ന് കാപ്പഴിക്കുന്നതോടെ ഉത്സവം സമാപിക്കും. 13നാണ് പൊങ്കാല 5ന് വൈകിട്ട് 6ന് കലാപരിപാടികൾ ചലച്ചിത്രതാരം നമിതാ പ്രമോദ് ഉദ്ഘാടനം ചെയ്യും. അഞ്ചാം ഉത്സവദിനമായ മാർച്ച് 9ന് നടൻ ജയറാമിന്റെ നേതൃത്വത്തിൽ പഞ്ചാരി മേളം ക്ഷേത്രനടയിൽ നടക്കും. 101ൽ പരം വാദ്യകലാകാരന്മാർ അണിനിരക്കും. 6ന് രാത്രി 10ന് 'അംബ'യിൽ ചലച്ചിത്രതാരം ജയരാജ് വാര്യരും പിന്നണിഗായകൻ കല്ലറ ഗോപനും നയിക്കുന്ന മധുരസംഗീത രാത്രി, 7ന് വൈകിട്ട് 6.30ന് എ.ഡി.ജി.പി ശ്രീജിത്ത് നയിക്കുന്ന സംഗീതസന്ധ്യ, 10ന് ഡോ. മനോയുടെ ഇസൈ മഴൈ, 9ന് പിന്നണിഗായകൻ ഹരിശങ്കർ നയിക്കന്ന മെഗാ ബാൻഡ്, 10ന് രാത്രി 10ന് അതുൽ നറുകര നയിക്കുന്ന നാടൻപാട്ടുകൾ, 11ന് നടിമാരായ പദ്മപ്രിയ, മിയ, പ്രിയങ്കാനായർ എന്നിവർ നയിക്കുന്ന താളംമേള മെഗാഷോ തുടങ്ങിയ കലാപരിപാടികളുണ്ടാകും.