
കൊല്ലം: പുനലൂരിൽ അധ്യാപികമാരുടെയും വിദ്യാർഥിനികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ആരോപണവിധേയനായ വിദ്യാർഥിയുടെ മൊബൈൽ ഫോൺ പിടിച്ചുവച്ചിട്ടുണ്ട്. ഫോൺ പോലീസിന് കൈമാറും. മോർഫ് ചെയ്ത ചിത്രങ്ങൾ അശ്ലീല സൈറ്റുകളിൽ വിറ്റ് പണം നേടിയെന്നും പരാതിയുണ്ട്.
പുനലൂർ പോളിടെക്‌നിക് കോളേജിലെ അഞ്ചാം സെമസ്റ്റർ വിദ്യാർഥിക്കെതിരെയാണ് പരാതി. അധ്യാപകരുടെയും സഹപാഠികളായ വിദ്യാർഥികളുടെയും ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി മോർഫ് ചെയ്ത ശേഷം അശ്ലീല സൈറ്റുകൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ പ്രചരിപ്പിച്ച് പണം നേടിയെന്നാണ് ആരോപണം.
രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ കോളേജിൽ നടത്തിയ ചർച്ചയിൽ ചിത്രങ്ങൾ മോർഫ് ചെയ്തതായി വിദ്യാർഥി സമ്മതിച്ചതായും അധികൃതർ പറയുന്നു. ആരോപണവിധേയനായ വിദ്യാർഥിയെ കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കോളേജിൽ പ്രതിഷേധം തുടരുകയാണ്.