നടുവണ്ണൂർ: പ്രകൃതിവിരുദ്ധ പീഡനം നേരിട്ടതിനെത്തുടർന്ന് 13-കാരൻ മാനസികനില തെറ്റി ആശുപത്രിയിൽ ചികിത്സയിൽ. പഠനത്തിലും മത്സരപരീക്ഷകളിലും മികവുപുലർത്തിയിരുന്ന കുട്ടിക്ക് ഈ വർഷം സ്കൂളിൽ പോകാൻപോലും കഴിഞ്ഞിട്ടില്ല.
പലതവണ ആത്മഹത്യാശ്രമം നടത്തി. ഇപ്പോൾ കോഴിക്കോട്ടെ സ്വകാര്യ ചികിത്സാകേന്ദ്രത്തിലാണ് കുട്ടിയുള്ളത്. സാധാരണമല്ലാത്ത പെരുമാറ്റവും അകാരണമായി വെറുപ്പ് പ്രകടിപ്പിക്കുന്നതും ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ബന്ധുക്കൾ കുട്ടിയെ ചികിത്സയ്ക്കായി എത്തിക്കുകയായിരുന്നു.
സൈക്യാട്രി വിഭാഗത്തിൽ നടത്തിയ കൗൺസലിങ്ങിലാണ് പ്രകൃതിവിരുദ്ധപീഡനം നടന്നത് തിരിച്ചറിഞ്ഞത്. ഈ വർഷം പലതവണ കുട്ടിയെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പരാതി. ചൈൽഡ് ലൈൻ പ്രതിനിധികൾ വിവരം പോലീസിന് കൈമാറിയതിനെത്തുടർന്ന് െസപ്റ്റംബർ 17-ന് പേരാമ്പ്ര പോലീസ് പോക്സോ കേസ് രജിസ്റ്റർചെയ്തിട്ടുണ്ട്. നടുവണ്ണൂർ എലങ്കമൽ നാറാണത്ത് ആലിക്കുട്ടി(65)യുടെപേരിലാണ് കേസ്. ആഴ്ചകൾ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനായിട്ടില്ലെന്ന് ബന്ധുക്കൾ പരാതിപ്പെടുന്നു. പ്രതിക്കായി അന്വേഷണം ശക്തമായി നടക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്.