തിരുവനന്തപുരം: റോഡ് മുറിച്ചുകടക്കവെ ബൈക്കിടിച്ചുണ്ടായ അപകടത്തില്‍ റോഡില്‍ തെറിച്ചു വീണ യുവാവിന്റെ ശരീരത്തിലൂടെ തൊട്ടുപുറകെ വന്ന സ്വകാര്യ ആശുപത്രിയുടെ ആംബുലന്‍സ് കയറിയിറങ്ങി തല്‍ക്ഷണം മരിച്ചു. മുട്ടത്തറ കല്ലുമൂടിന് സമീപം ആശാന്‍നഗര്‍ കുന്നില്‍ വീട്ടില്‍ ജി. മുരളീധരന്‍ നായരുടെയും എല്‍. ബബിതയുടെയും മകനായ എം. അനന്തു(23) ആണ് മരിച്ചത്. അപകടത്തിനിടയാക്കിയ ആംബുലന്‍സിനെയും ഡ്രൈവറെയും ഫോര്‍ട്ട് പോലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച രാത്രി 10.30 ഓടെ ഈഞ്ചയ്ക്കല്‍- കല്ലുമ്മൂട് ബൈപ്പാസില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് മുന്നിലായിരുന്നു അപകടം. നന്തന്‍കോടുളള ഹെല്‍മറ്റ് വേല്‍ഡ് എന്ന സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു.
ജോലികഴിഞ്ഞശേഷം ഈഞ്ചക്കലില്‍ ബസിറങ്ങിയശേഷം ആശാന്‍ നഗറിലുളള വീട്ടിലേക്ക് വരുകയായിരുന്നു. തുടര്‍ന്ന് ബെപ്പാസിലെ ആദ്യറോഡ് മുറിച്ചുകടന്ന് രണ്ടാമത്തെ റോഡിലേക്ക് കടക്കവെ കല്ലൂമ്മൂട് ഭാഗത്തുനിന്ന് വരുകയായിരുന്ന ബൈക്കിടിച്ച് റോഡിലേക്ക് തെറിച്ചു വീണു.
ഇതേസമയത്ത് അമ്പലത്തറയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് അത്യാസന്ന നിലയിലുളള രോഗിയുമായി മെഡിക്കല്‍ കോളേജിലേക്ക് പോകുകയായിരുന്ന ആംബുലന്‍സ് റോഡില്‍ വീണുകിടന്നിരുന്ന അനനന്തുവിന്റെ ശരീരത്തീലുടെ കയറിയിറങ്ങുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ആംബുലന്‍സ് നിര്‍ത്തിയിട്ടു. നാട്ടുകാരെത്തി ഫോര്‍ട്ട് പോലീസില്‍ വിവരമറിച്ചു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. അപകടത്തിനിടയാക്കിയ ആംബുലന്‍സില്‍ അത്യാസന്ന നിലയിലുളള രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് മറ്റൊരു ആംബുലന്‍സില്‍ അനന്തുവിന്റെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച് മോര്‍ച്ചറിയിലേക്ക് മാറ്റിയെന്ന് ഫോര്‍ട്ട് എസ്.എച്ച്. ഒ. വി.ആര്‍.ശിവകുമാര്‍ പറഞ്ഞു. ഫോര്‍ട്ട് പോലീസ് കേസെടുത്തു. ഏക സഹോദരന്‍: എം. ഗോപീകൃഷ്ണന്‍.