
കുറ്റ്യാടി : തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടെ പാമ്പുകടിയേറ്റ സ്ത്രീ മരണപ്പെട്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കാവിലുംപാറ പഞ്ചായത്തിലെ പുതമ്പാറ വലിയപറമ്പത്ത് വീട്ടില്‍ കല്യാണി (65) മരണപ്പെട്ടത്. ചൊവ്വാഴ്ച പകലാണ് ഇവര്‍ക്ക് അണലിയുടെ കടിയേറ്റത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. ചൂരണി പ്രദേശത്തെ കൃഷിത്തോട്ടത്തില്‍ കയ്യാല നന്നാക്കാന്‍ മണ്ണ് കിളയ്ക്കുന്നതിനിടയില്‍ കല്യാണിക്ക് അണലിയുടെ കടിയേല്‍ക്കുകയായിരുന്നു.
ചൊവ്വാഴ്ച ഉച്ചക്കാണ് സംഭവം. ഒപ്പം ജോലി ചെയ്യുകയായിരുന്ന മറ്റ് തൊഴിലാളികള്‍ കല്യാണിയെ താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷമാണ് ഇവരെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയത്. ഭര്‍ത്താവ്: ചാത്തു. മക്കള്‍: ബിജു, ബിനു, ബിജില. മരുമക്കള്‍: ബിന്ധിക, സജേഷ് (മൊയിലോത്തറ). സഹോദരങ്ങള്‍: മാതു, ജാനു, റീജ, ചന്ദ്രി, അശോകന്‍, ചന്ദ്രന്‍, ബാലന്‍.