ആലപ്പുഴ : മകന്റെ ജീവിതപങ്കാളിയെ കഴുത്തു മുറിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ ആലപ്പുഴ കുതിരപ്പന്തി മുട്ടത്തുപറമ്പിൽ മിനിയെ സൗത്ത് പോലീസ് അറസ്റ്റുചെയ്തു. ബുധനാഴ്ച വൈകീട്ട് ഏഴിനായിരുന്നു സംഭവം. മിനിയുടെ മകനുമായി പരാതിക്കാരി നിയമപരമായി വിവാഹിതയല്ല.
ഹോസ്റ്റലിൽ താമസിച്ച് കൈചൂണ്ടി ജങ്ഷനിലെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ ജോലിചെയ്യുകയായിരുന്ന ഇവരെ കുതിരപ്പന്തിയിലുള്ള വീട്ടിലേക്ക് മിനി വിളിച്ചുവരുത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ മിനി കത്തി ഉപയോഗിച്ച് പരാതിക്കാരിയെ കൊലപ്പെടുത്താൻ ശ്രമിച്ചു. ഇതിനിടെയുണ്ടായ പിടിവലിയിൽ മിനിക്കും ചെറിയ പരിക്കുകളുണ്ടായെന്ന് പോലീസ് പറഞ്ഞു.തുടർന്ന്, മിനി ഭർത്താവിനെയും മകനെയും വിളിച്ചറിയിക്കുകയായിരുന്നു. തുടർന്ന്, ഇരുവരും വീട്ടിലെത്തി പരാതിക്കാരിയെ ജനറൽ ആശുപത്രിയിൽ എത്തിച്ചു.