വയനാട്: ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ മേപ്പാടിയിൽ ഇന്നത്തെ രക്ഷാദൗത്യം ആരംഭിച്ചു. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 151 ആയി ഉയർന്നിരിക്കുകയാണ്. 211 പേരെ കാണാനില്ലെന്നാണ് ബന്ധുക്കൾ ജില്ലാ ഭരണകൂടത്തിന് പരാതി നൽകിയിരിക്കുന്നത്. 481 പേരെ രക്ഷപ്പെടുത്തി. 3069 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നുണ്ട്. 186 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു.
രണ്ടാംദിനത്തിലെ തെരച്ചിലിൽ ഒറ്റപ്പെട്ട മേഖലകളിലേയ്ക്ക് എത്താൻ കൂടുതൽ സൈനികരെത്തും. നാല് സംഘങ്ങളിലായാണ് ചൂരൽമലയിൽ സൈന്യം തെരച്ചിൽ നടത്തുന്നത്. രക്ഷാപ്രവർത്തനത്തിൽ സൈന്യത്തിന് പിന്തുണയുമായി സന്നദ്ധപ്രവർത്തകരുമുണ്ട്. അഗ്നിശമന സേനയുടെ തെരച്ചിൽ ഉടൻ തുടങ്ങുമെന്നാണ് വിവരം. കണ്ണൂർ ഡിഫൻസ് സെക്യൂരിറ്റി കോർ, സേനയുടെ മദ്രാസ് എൻജിനീയറിംഗ് വിഭാഗം എന്നിവയ്ക്കു പുറമേ, നേവിയും എൻഡിആർഎഫും രക്ഷാദൗത്യത്തിലുണ്ട്.മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ എത്രയും വേഗം വിട്ടുനൽകാനുള്ള നടപടി സ്വീകരിക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്.