
കുറ്റ്യാടി : ആദ്യമായി അച്ഛനായി എന്ന സന്തോഷത്തിന് വെറും മൂന്നുദിവസംമാത്രം ആയുസ്സ്. ശനിയാഴ്ച രാവിലെ പിറന്ന പെൺകുഞ്ഞിനെ ഒരുനോക്കുകണ്ട് ആശുപത്രിക്ക് പുറത്തേക്കിറങ്ങിയ വിനുപ്രസാദ് (30) പിന്നെ മകളെ കാണാൻ മടങ്ങിയെത്തിയില്ല. ഭാര്യയെയും കുഞ്ഞിനെയും വീട്ടിലേക്ക് കൊണ്ടുപോകാൻ കാത്തിരുന്ന കായക്കൊടി സ്വദേശിയായ വിനുവിനെ ചൊവ്വാഴ്ച രാവിലെ ആശുപത്രിക്കുസമീപം നിർത്തിയിട്ട ജീപ്പിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്.
വിനുവിനെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനാലാണ് അമ്മ ശോഭ ആശുപത്രിയിൽനിന്ന് റോഡിലേക്ക് അന്വേഷിച്ചെത്തിയത്. മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം നിർത്തിയിട്ടിരുന്ന സുഹൃത്തിന്റെ ജീപ്പിനുള്ളിൽ വിനുവിനെ കണ്ടെത്തുകയായിരുന്നു. ഉടൻ അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഭാര്യ അനുസ്മയയെ കഴിഞ്ഞമാസം 27-നാണ് മെഡിക്കൽ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രസവത്തിനായി പ്രവേശിപ്പിച്ചത്. അന്നുമുതൽ ആശുപത്രിക്ക് പുറത്തെ വഴിയരികിൽ നിർത്തിയിട്ട സുഹൃത്ത് സജിത്തിന്റെ ജീപ്പിലായിരുന്നു വിനുവിന്റെ കാത്തിരിപ്പ്.
ശനിയാഴ്ചയാണ് അനുസ്മയ പെൺകുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിനെകണ്ടശേഷം വിനു വീണ്ടും ജീപ്പിലേക്കുമടങ്ങി. കുഞ്ഞിന് നേരിയ മഞ്ഞപ്പ് കണ്ടെത്തിയതോടെ രണ്ടുദിവസംകൂടി ആശുപത്രിയിൽ നിരീക്ഷണത്തിൽവെച്ചു. ചൊവ്വാഴ്ച അമ്മയെയും കുഞ്ഞിനെയും ഡിസ്ചാർജ് ചെയ്യാനിരിക്കെ അപ്രതീക്ഷിതമായി മരണം വിനുവിനെ തേടിയെത്തി.
ജീപ്പിന്റെ പിൻഭാഗത്ത് തലയണയ്ക്കു സമീപം ഛർദിയുടെ അവശിഷ്ടം ഉണ്ടായിരുന്നതായി സുഹൃത്ത് സജിത്ത് പറഞ്ഞു. ഹൃദയസംബന്ധമായ അസുഖമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ പരിശോധനയ്ക്കായി സാംപിളുകൾ ഹിസ്റ്റോപത്തോളജി പരിശോധനയ്ക്ക് അയച്ചതായി ഫൊറൻസിക് വിഭാഗം ഡോക്ടർ പറഞ്ഞു.
കായക്കൊടിയിലെ ജനകീയ ജീപ്പ് ഡ്രൈവറായിരുന്നു വിനു.ചൊവ്വാഴ്ച ഉച്ചയോടെയാണ് അനുസ്മയ കുഞ്ഞുമായി ഡിസ്ചാർജായത്. അപ്പോഴും ഭർത്താവിന്റെ മരണവിവരം അവർ അറിഞ്ഞിരുന്നില്ല.മൃതദേഹം ചൊവ്വാഴ്ച വൈകീട്ട് കായക്കൊടി ഗ്രൗണ്ടിലും കുറ്റ്യാടി പഴയ സ്റ്റാൻഡിലും പൊതുദർശനത്തിനുവെച്ചു