തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്‍ പോലീസ് സ്‌റ്റേഷനില്‍ കുഴഞ്ഞുവീണു. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട് സ്റ്റേഷനിൽ തിരിച്ചെത്തിച്ചു. കല്ലറയിലെ പ്രഥമിക ആരോഗ്യ കേന്ദ്രത്തിലാണ് ഇയാളെ പ്രവേശിപ്പിച്ചിരുന്നത്.
കസേരയില്‍ ഇരിക്കുകയായിരുന്ന അഫാന്‍ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയില്‍ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് സ്‌റ്റേഷനിൽ തിരിച്ചെത്തിച്ചു. അഫാന്‍ മനഃപൂര്‍വ്വം വീണതായിരിക്കാമെന്നാണ് വിവരങ്ങള്‍.പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ അഫാനുമായി ഇന്ന് തെളിവെടുപ്പിന് പോകാനിരിക്കെയാണ് അഫാന്‍ കുഴഞ്ഞുവീണത്. ഏഴ് മണിയോടെ തെളിവെടുപ്പിനായി കൊണ്ടുപോകാനാണ് പോലീസ് തീരുമാനിച്ചിരുന്നത്. ആദ്യം കൊലപ്പെടുത്തിയ ഉമ്മൂമ്മ സൽമാ ബീവിയുടെ വീട്ടിലേക്കാണ് ആദ്യ തെളിവെടുപ്പിനായി എത്തിക്കാന്‍ തീരുമാനിച്ചിരുന്നത്.