വടകര: നഗരസഭാ പരിധിയില്‍ മേപ്പയിലെ വീട്ടില്‍ പട്ടാപ്പകല്‍ മോഷണം. മേപ്പയില്‍ ശ്രീനാരായണ മന്ദിരം റോഡിലെ ഐപിഎം വോളി അക്കാദമിക്ക് സമീപത്തെ പ്രേംരാജിന്റെ ഭാസുരം വീട്ടിലാണ് കവര്‍ച്ച. വാതില്‍ കുത്തിപ്പൊളിച്ച് അകത്തു കടന്ന മോഷ്ടാക്കള്‍ അലമാര തകര്‍ത്ത് അതിലെ 5,000 രൂപ കൈക്കലാക്കി.
അലമാരയിലുള്ള സാധനങ്ങള്‍ വാരി വലിച്ചിട്ട നിലയിലായിരുന്നു. സ്വര്‍ണാഭരണം അടങ്ങിയ പഴ്‌സ് വസ്ത്രങ്ങള്‍ക്കൊപ്പം നിലത്തു വീണത് മോഷ്ടാക്കള്‍ കണ്ടില്ല. ടിവിയ്ക്ക് മുകളില്‍ കുറിക്ക് നല്‍കാനായി സൂക്ഷിച്ച 3,000 രൂപയും ശ്രദ്ധയില്‍പ്പെട്ടില്ല. പ്രേംരാജിന്റെ ഭാര്യയും ഭാര്യയുടെ അമ്മയും പുറത്തു പോയിരുന്നു. ഉച്ചയ്ക്ക് 2.45 ഓടെ തിരിച്ച് എത്തിയപ്പോഴാണ് മോഷണം നടന്നതറിയുന്നത്.
ഗേറ്റിന്റെ പൂട്ടും തകര്‍ത്ത നിലയിലായിരുന്നു. ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് ആണ് ഗേറ്റിന്റെയും വാതിലിന്റെയുംപൂട്ടുകള്‍ തകര്‍ത്തത്. ഒന്നില്‍ കൂടുതല്‍ പേര്‍ ഉള്ളതായി സംശയിക്കുന്നു. വീട് മുഴുവന്‍ വാരി വലിച്ചിട്ട നിലയിലായിരുന്നു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്ത് പരിശോധന നടത്തി.