കൊച്ചി: കൊല്ലപ്പെട്ട ആര്‍.എം.പി. നേതാവ് ടി.പി. ചന്ദ്രശേഖരനും അമ്മയുണ്ടായിരുന്നെന്നും അവര്‍ ഹൃദയംപൊട്ടിയാണ് മരിച്ചതെന്നും കെ.കെ. രമ എം.എല്‍.എ. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് കെ.കെ. രമ സമര്‍പ്പിച്ച ഹര്‍ജിയില്‍ പ്രതികളുടെ ഹൈക്കോടതിയിലെ വാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍. വധശിക്ഷ വിധിക്കാതിരിക്കാന്‍ എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തോട് വീട്ടില്‍ പ്രായമായ അമ്മ മാത്രമേ ഉള്ളൂ എന്നായിരുന്നു കിര്‍മാണി മനോജിന്റെ വാദം.
'ഏറ്റവും മൃഗീയവും ക്രൂരവുമായ കൊലപാതകമാണിത്. അപൂര്‍വ്വമായ കൊലപാതകം. അത് കോടതിക്ക് ബോധ്യമായിട്ടുണ്ട്. അതിനനുസരിച്ചുള്ള ശിക്ഷ കൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്യാപിറ്റല്‍ പണിഷ്‌മെന്റാണ് ആഗ്രഹിച്ചത്. ഇത്തരം കാര്യങ്ങളൊക്കെ കോടതി വിശദമായി പരിശോധിക്കുന്നുണ്ട്', രമ പറഞ്ഞു.
വിവാഹം കഴിച്ച് ഭാര്യയുണ്ട്, മക്കളുണ്ട്, കുടുംബത്തോടൊപ്പം പുറത്ത് താമസിക്കണം എന്നൊക്കെയാണ് പ്രതികള്‍ കോടതിയില്‍ പറഞ്ഞത്. പാലിയേറ്റീവ് പ്രവര്‍ത്തനം നടത്തണമെന്ന് പറഞ്ഞയാളുണ്ട്. അമ്മ ഒറ്റയ്ക്കാണ് എന്ന് പറഞ്ഞയാളുണ്ട്. അങ്ങനെ വിവിധ കാരണങ്ങളാണ് പ്രതികള്‍ കോടതിയില്‍ പറഞ്ഞത്. സ്വാഭാവികമായും അവര്‍ക്ക് അവരുടെ വാദങ്ങള്‍ ഉന്നയിക്കാമെന്നും കെ.കെ. രമ വ്യക്തമാക്കി.
'ചന്ദ്രശേഖരന് അമ്മയുണ്ടായിരുന്നു. ഹൃദയം പൊട്ടിയാണവര്‍ മരിച്ചത്. അവിടെ ഇരിക്കുമ്പോള്‍ എന്റെ മനസ്സ് ആ അമ്മയുടെ അടുത്തായായിരുന്നു. പ്രായമായ അമ്മയെ ശ്രുശ്രൂഷിക്കേണ്ടത് അവരുടെ ആവശ്യമാണ്. അതിലൊന്നും നമുക്ക് അഭിപ്രായവ്യത്യാസമില്ല. പക്ഷേ അങ്ങനെ ചെയ്യുന്ന ആളുകള്‍ മറ്റുള്ളവരുടെ കുടുംബമുണ്ടെന്നുള്ളതും അമ്മയുണ്ടെന്നുള്ളതും ഓര്‍ത്തില്ല. അനുഭാവപൂര്‍വ്വമായ വിധിയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്', അവര്‍ കൂട്ടിച്ചേര്‍ത്തു.
2012 മേയ് നാലിനാണ് ആര്‍.എം.പി. സ്ഥാപക നേതാവ് ടി.പി. ചന്ദ്രശേഖരനെ വടകര വള്ളിക്കാട് വെച്ച് അക്രമി സംഘം ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎമ്മില്‍നിന്ന് വിട്ടുപോയി സ്വന്തമായി പാര്‍ട്ടിയുണ്ടാക്കിയ ചന്ദ്രശേഖരനോട് പകവീട്ടുന്നതിന് സി.പി.എമ്മുകാരായ പ്രതികള്‍ കൊലപ്പെടുത്തി എന്നാണ് കേസ്.