കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രതിയായ അനിതകുമാരിക്കെതിരെ ഗുരുതര ആരോപണവുമായി അമ്മ. അനിതകുമാരിക്ക് വീടുമായി യാതൊരു ബന്ധവുമില്ലെന്നും അച്ഛൻ മരിച്ചിട്ടു പോലും വീട്ടിലേക്ക് വന്നില്ലെന്നും അമ്മ പറഞ്ഞു. സ്വത്ത് തട്ടിയെടുക്കാൻ ശ്രമം നടന്നെന്നും ചാത്തന്നൂരിലെ വീട്ടിലെത്തിയപ്പോൾ തന്നെ മർദിച്ചെന്നും അമ്മ ആരോപിച്ചു. തന്നെ വാടകവീട്ടിലാക്കി കിടപ്പാടം കൈക്കലാക്കാൻ ശ്രമിച്ചെന്നും അമ്മ പറയുന്നു. ‘‘ലോണ്‍ വയ്ക്കാന്‍ വസ്തു എഴുതിക്കൊടുക്കാന്‍ അച്ഛനോട് ആവശ്യപ്പെട്ടു. ആറു മാസത്തിനകം തിരിച്ച് എഴുതിത്തരാമെന്നും പറഞ്ഞു. അങ്ങനെ ഏഴു സെന്റോളം കൊടുത്തു. പണവും കൊടുത്തു വസ്തുവും എഴുതിക്കൊടുത്തു. ആറു മാസത്തിനകം തരാമെന്ന് പറഞ്ഞവള് രണ്ടു വർഷമായും അനങ്ങുന്നില്ല.
അച്ഛന് സുഖമില്ലാതായി ആശുപത്രിയിൽ കിടന്നിട്ടു പോലും വന്നില്ല. മരിച്ചിട്ടും കാണാൻ വന്നില്ല. അതിൽകൂടുതൽ എന്താ ഞാൻ പറയേണ്ടത്. വീടിന്റെ ആധാരം തിരികെ കിട്ടാൻ വേണ്ടി പഞ്ചായത്ത് മെമ്പർക്കൊപ്പം ചാത്തന്നൂരിലെ വീട്ടിലെത്തിയ എന്നെ ചവിട്ടി വീഴ്ത്തി. അവൻ ഓടി വന്ന് എന്നെ ചവിട്ടി, പിടിച്ച് വെളിയിൽ കൊണ്ടാക്കി. എന്റെ ചേട്ടത്തിയുടെ മകളും ഒപ്പമുണ്ടായിരുന്നു. അങ്ങനെ ചെയ്യരുതെന്നു പറഞ്ഞ് തടഞ്ഞപ്പോൾ അവളെ പിടിച്ച് തള്ളി, അവൾ സ്റ്റെപ്പിൽ പോയി വീണു. മോളും കൊച്ചുമോളുമൊക്കെ ഭയങ്കരമായി ആക്ഷേപിച്ചു. പട്ടിയെ അഴിച്ചുവിടുമെന്നു വരെ പറഞ്ഞു. അങ്ങനെ ഞാൻ അവിടുന്ന് ഇറങ്ങി പോന്നതാ. അതിനു ശേഷം ഞാൻ കലക്ടർക്ക് പരാതി കൊടുത്തു. മൂന്നു വർഷമായി യാതൊരു ബന്ധവുമില്ല.