ന്യൂഡൽഹി: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാമിനെതിരെയുളള സിബിഐ അന്വേഷണം തടഞ്ഞ് സുപ്രീംകോടതി. സിബിഐ അന്വേഷണത്തിനുളള ഹൈക്കോടതി ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കെ എം എബ്രഹാം സുപ്രീംകോടതിയെ സമീപിച്ചത്. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പൊതുപ്രവർത്തകനായ ജോമോന്‍ പുത്തൻപുരയ്ക്കലിന് തന്നോടുള്ള വ്യക്തിവൈരാഗ്യമാണ് പിന്നിലെന്നും എബ്രഹാം ഹർജിയിൽ പറഞ്ഞിരുന്നു. മുതിർന്ന അഭിഭാഷകനായ ആർ ബസന്താണ് കെ എം എബ്രഹാമിനായി ഹാജരായത്. ഹർജി സുപ്രീംകോടതിയിൽ എത്തുന്നതിന് മുൻപ് സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു.
അഴിമതി നിരോധനനിയമ പ്രകാരം പൊതുസേവകന്റെ പേരിൽ അന്വേഷണം നടത്തണമെങ്കിൽ സർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്ന് കോടതി വ്യക്തമാക്കി. അതില്ലാതെയുള്ള സിബിഐ അന്വേഷണം നിയമവിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.