തിരുവനന്തപുരം: കാര്യവട്ടം ഗവണ്‍മെന്‍റ് കോളേജിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥിയെ റാഗിങ്ങിന് വിധേയരാക്കിയ എസ്.എഫ്.ഐ പ്രവർത്തകർക്ക് സസ്പെൻഷൻ. മൂന്നാം വർഷ ബിരുദധാരികളായ ഏഴുപേരെയാണ് സസ്പെൻഡ് ചെയ്തത്. വിവസ്ത്രനാക്കിയും മുളവടികൊണ്ട് തലയ്ക്കടിച്ചും തുപ്പിയ വെള്ളം കുടിപ്പിച്ചുമായിരുന്നു ക്രൂരത.
എസ്.എഫ്.ഐ. യൂണിറ്റ് റൂമിലെത്തിച്ചായിരുന്നു തന്നെ അതിക്രൂരമായി എസ്.എഫ്.ഐ പ്രവർത്തകർ ഉപദ്രവിച്ചതെന്ന് റാഗിങ്ങിനിരയായ വിദ്യാർഥി പറഞ്ഞു. ഒരു മണിക്കൂറോളം മുറിയിൽ തടഞ്ഞുവെച്ച് വിചാരണ ചെയ്തു. എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയടക്കമുള്ളവരാണ് പ്രതിപ്പട്ടികയിലുള്ളത്. സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴിയും പരിശോധിച്ചാണ് റാഗിങ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചത്.പോലീസ് അന്വേഷണത്തിലൂടെ സത്യം പുറത്തുവരട്ടെയെന്നും പിന്നീട് പ്രതികരിക്കാമെന്നുമാണ് എസ്.എഫ്.ഐ. ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം.