കോഴിക്കോട്: നാദാപുരം ഷിബിൻ വധക്കേസിൽ ജയിലിൽ കഴിയുന്ന യൂത്ത് ലീഗ് പ്രവർത്തകരെ ജയിലിലെത്തി സന്ദർശിച്ച് യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈനലി ഷിഹാബ് തങ്ങൾ. യൂത്ത് ലീഗ് നാദാപുരം നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഇ. ഹാരിസിനൊപ്പമാണ് മുഈനലി തങ്ങൾ തവനൂർ സെൻട്രൽ ജയിലിൽ എത്തിയത്.പ്രതികളുടെ നിരപരാധിത്വം തെളിയിക്കാന്‍ മുസ്ലീം ലീഗ് രാജ്യസഭാംഗം അഡ്വ ഹാരിസ് ബീരാന്റെ നേതൃത്വത്തിൽ സുപ്രീം കോടതിയിൽ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് ജയിലിന് മുമ്പിലുള്ള ഫോട്ടോയ്ക്കൊപ്പം മുഈനലി ഷിഹാബ് തങ്ങൾ ഫേസ്ബുക്കിൽ കുറിച്ചു.
2015 ജനുവരി 22-നാണ് കോഴിക്കോട് തൂണേരി സ്വദേശിയും ഡിവൈഎഫ്ഐ പ്രവർത്തനുമായിരുന്ന ഷിബിൻ കൊല്ലപ്പെട്ടത്. കേസിലെ മുഴുവൻ പ്രതികളേയും വിചാരണ കോടതി വെറുതെ വിട്ടിരുന്നെങ്കിലും 2024 ഒക്ടോബർ 15-ന് ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു.