
ആറാട്ടുപുഴ: വിവാഹം കഴിഞ്ഞ് 40ാമത്തെ ദിവസം പാനൂരിൽ ഗർഭിണിയായ യുവതി തൂങ്ങിമരിച്ചതിന് പിന്നിൽ ഭർത്താവിന്റെയും വീട്ടുകാരുടെയും പീഡനമെന്ന് പരാതി.കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരൻ തൃക്കുന്നപ്പുഴ പൊലീസിൽ പരാതി നൽകി.തൃക്കുന്നപ്പുഴ പാനൂർ കൊല്ലന്റെഴത്ത് വീട്ടിൽ അബ്ദുൽനാസർ -റഹ്മത്ത് ദമ്പതികളുടെ മകൾ ഫാത്തിമയെയാണ് (19) പെരുന്നാൾ ദിനത്തിൽ രാത്രി എട്ടരയോടെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. പെരുന്നാൾ ദിവസം ഉച്ചക്ക് രണ്ടരയോടെയാണ് നൗഫൽ ഫാത്തിമയുമായി പാനൂരിലെ വീട്ടിലെത്തിയത്.
ഇന്ന് ഇവിടെ നിൽക്കണം എന്ന് ഫാത്തിമയും വീട്ടുകാരും നൗഫലിനെ നിർബന്ധിച്ചെങ്കിലും കടയിൽ പോകണം എന്നു പറഞ്ഞു നൗഫൽ മടങ്ങി. പിന്നീട് ഇരുവരും തമ്മിൽ ഫോൺ വിളിച്ചു വഴക്കിടുകയും പിന്നാലെ ഫാത്തിമ ആത്മഹത്യ ചെയ്യുകയുമായിരുന്നു എന്നാണ് വീട്ടുകാർ പറയുന്നത്. മരിക്കുമ്പോൾ ഫാത്തിമ ഗർഭിണിയായിരുന്നു. ഏപ്രിൽ 19 നായിരുന്നു ഫാത്തിമയുടെ വിവാഹം. ആലപ്പുഴയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരനാണ് നൗഫൽ. വിവാഹത്തിന് 11.5 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ പാരി തോഷികമായി നൽകിയിരുന്നു.എന്നാൽ കൂടുതൽ സ്വർണം ആവശ്യപ്പെട്ടും മറ്റു കുറ്റങ്ങൾ പറഞ്ഞും ഭർത്താവും മാതാവ് റുമൈലത്തും സഹോദരി ബീമയും നിരന്തരം ആക്ഷേപിക്കുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നതായി ബന്ധുക്കൾ പരാതിയിൽ ആരോപിക്കുന്നു.