തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് ലീഡറുമായിരുന്ന കെ.കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നതിനെ പരിഹസിച്ചു മുതിർന്ന സിപിഎം നേതാവ് എം.എം.മണി. പത്മജ ബിജെപിയിലേക്കു പോകാൻ ഇത്തിരി വൈകിയെന്നും കരുണാകരന്റെ മകളായതുകൊണ്ട് ഇത്രയും നാൾ പിടിച്ചുനിന്നെന്നും മണി പറഞ്ഞു. ഇനി കെ. മുരളീധരൻ എപ്പോഴാണു പോവുന്നതെന്നാണ് അറിയേണ്ടതെന്നും മണി പരിഹസിച്ചു.
‘‘ഗാന്ധിശിഷ്യന്മാരായ കോൺഗ്രസുകാരാണു ബിജെപിയിൽ നിലവിലുള്ള ഭൂരിഭാഗം പേരും. ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപിയാണ്. ആ പ്രക്രിയയാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇന്നു നടക്കുന്നത്. അതിൽ അത്ഭുതപ്പെടാനില്ല. ഇനിയും കോൺഗ്രസിൽനിന്ന് ആളുകൾ പോകും. അധികാരമില്ലാതെ കോൺഗ്രസിന് നിൽക്കാൻ കഴിയില്ല. അധികാരത്തിന്റെ അപ്പക്കഷ്ണം നുണയാൻ എളുപ്പവഴി ബിജെപിയിൽ വരുന്നതാണ്.’’–മണി പറഞ്ഞു.