തിരുവനന്തപുരം: ഷാരോണ്‍ കൊലക്കേസ് വിധിയില്‍ പ്രതികരിച്ച് ഷാരോണിന്റെ മാതാപിതാക്കള്‍. ഗ്രീഷ്മയുടെ അമ്മ സിന്ധുകുമാരിയും കുറ്റക്കാരിയല്ലേയെന്നും അവരെ എന്തിന് വെറുതെവിട്ടെന്നും ഷാരോണിന്റെ അമ്മ ചോദിച്ചു. ഹൈക്കോടതിയെ സമീപിക്കുമെന്ന് ഷാരോണിന്‍റെ പിതാവ് ജയരാജും പറഞ്ഞു. പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അവര്‍.
ഗ്രീഷ്മയുടെ അമ്മയും കൂടി ചേര്‍ന്നല്ലേ എല്ലാം ചെയ്തത്. അവരെ വെറുതെ വിടരുതായിരുന്നു. ഗ്രീഷ്മയ്ക്കും അമ്മയ്ക്കും അമ്മാവനും ശിക്ഷ നല്‍കണമായിരുന്നെന്നും ഷാരോണിന്റെ അമ്മ പറഞ്ഞു.
ഷാരോണ്‍ കൊലക്കേസില്‍ ഒന്നും മൂന്നും പ്രതികളായ ഗ്രീഷ്മയും അമ്മാവന്‍ നിര്‍മലകുമാരന്‍ നായരും കുറ്റക്കാരാണെന്ന് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. അതേസമയം, രണ്ടാംപ്രതി സിന്ധുവിനെ വെറുതെവിട്ടു. ശനിയാഴ്ചയാണ് കോടതി ഇവർക്കുള്ള ശിക്ഷ പ്രഖ്യാപിക്കുക.ഹൈക്കോടതിയില്‍ പോകുമോ എന്നകാര്യത്തിൽ നാളത്തെ വിധിക്കു ശേഷം തീരുമാനം എടുക്കുമെന്ന് ഷാരോണിന്റെ അച്ഛന്‍ ജയരാജ് പറഞ്ഞു.