പാലക്കാട്: പട്ടാമ്പിയിൽ യുവതിയുടെ ജഡം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. തൃത്താല പട്ടിത്തറ കാങ്ങാട്ടുപടി സ്വദേശി കൻഗത്ത് പറമ്പിൽ കെ.പി. പ്രവിയ (30) ആണ് മരിച്ചത്. ഇതിനിടെ, പ്രവിയയെ കൊലപ്പെടുത്തിയ തൃത്താല ആലൂർ സ്വദേശി സന്തോഷിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.
സംഭവം കൊലപാതകമാണെന്ന് പട്ടാമ്പി പൊലീസ് സംശയം പ്രകടിപ്പിച്ചിരുന്നു. കൊടുമുണ്ട തീരദേശ റോഡിലാണ് കത്തിക്കരിഞ്ഞ നിലയിൽ ഇന്ന് രാവിലെ പ്രവിയയുടെ മൃതദേഹം കണ്ടെത്തിയത്.
പ്രവിയ സഞ്ചരിച്ചിരുന്ന സ്കൂട്ടറും കത്തിയ നിലയിലാണ്. ജോലിക്കായി വരുന്ന സമയത്ത് സ്കൂട്ടർ തടഞ്ഞുനിർത്തി ആക്രമിച്ചതാണെന്ന് പൊലീസ് പറഞ്ഞു. മൃതദേഹത്തിനു സമീപത്തുനിന്ന് കത്തി കണ്ടെടുത്തിട്ടുണ്ട്. പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരിയാണ് മരിച്ച പ്രവിയ.
പ്രവിയയെ കുത്തിവീഴ്ത്തിയ ശേഷം കത്തിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. പ്രവിയയുടെ വിവാഹം അടുത്ത ദിവസം നടത്താൻ നിശ്ചയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് ഏറെക്കാലമായി അടുപ്പമുണ്ടായിരുന്ന സന്തോഷ് ഈ ക്രൂരത ചെയ്യുന്നതിലേക്ക് നയിച്ചതെന്നാണ് പറയുന്നത്.