പാലക്കാട്: ഷൊർണൂരിൽ നവകേരള സദസ്സിന്‍റെ പ്രഭാത സദസ്സിൽ പങ്കെടുത്ത് മുസ്‌ലിം ലീഗ് നേതാവ്. പാലക്കാട് ജില്ല മുന്‍ വൈസ് പ്രസിഡന്‍റ് യു. ഹൈദ്രോസാണ് പാര്‍ട്ടി വിലക്ക് ലംഘിച്ച് പരിപാടിയിൽ പങ്കെടുത്തത്. മുഖ്യമന്ത്രി വിളിച്ചാല്‍ പങ്കെടുക്കേണ്ടത് സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമാണെന്ന് ഹൈദ്രോസ് പറഞ്ഞു. 'നവകേരള സദസ്സുമായി കേരള സർക്കാറാണ് വരുന്നത്. അല്ലാതെ പാർട്ടിയല്ല. സർക്കാറിന്‍റെ കാര്യങ്ങൾ പറയാനും ജനങ്ങളുടെ ആവശ്യങ്ങൾ അവരെ അറിയിക്കാനും വേണ്ടിയാണിത്. അങ്ങനെയൊരു പരിപാടിയിൽ സഹകരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ക്ഷണം ലഭിച്ചു. പങ്കെടുക്കുന്നു. ഇക്കാര്യം ആരുമായും ചർച്ചചെയ്തിട്ടില്ല. ബഹിഷ്കരിക്കാനുള്ള തീരുമാനമൊന്നും ആരും അറിയിച്ചിട്ടില്ല. ഞാൻ എന്നും ലീഗുകാരനാണ്. മാറ്റിനിർത്തിയാലും എന്തുതന്നെ ചെയ്താലും ഇന്നും എന്നും ലീഗുകാരനാണ്. അത് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളോടുള്ള കടപ്പാടാണ്. അദ്ദേഹത്തിന്‍റെ ശിഷ്യണത്തിലാണ് ഞങ്ങൾ വന്നത്. അദ്ദേഹത്തിന്‍റെ കാൽചുവട്ടിൽ എപ്പോഴുമുണ്ടാകും' -ഹൈദ്രോസ് പറഞ്ഞു.
നവകേരള സദസ്സ് ബഹിഷ്കരിക്കാൻ യു.ഡി.എഫ് ആഹ്വാനം ചെയ്തിരുന്നു. നവകേരളം മുദ്രാവാക്യമായുള്ള പര്യടനം ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള എൽ.ഡി.എഫിന്‍റെ രാഷ്ട്രീയനീക്കമാണെന്ന് വിലയിരുത്തിയാണ് യു.ഡി.എഫ് ബഹിഷ്കരണം പ്രഖ്യാപിച്ചത്.