കരുനാഗപ്പള്ളി: 'സഹൃദയരേ..കേരള ഫയർഫോഴ്സിനും ഇവിടുത്തെ നാട്ടുകാർക്കും ഞങ്ങൾ നന്ദി രേഖപ്പെടുത്തുന്നു...' പുലിവാൽ കല്യാണം എന്ന ചിത്രത്തിൽ സലിംകുമാറിന്‍റെ പ്രസിദ്ധമായ ഹാസ്യരംഗം ഓര്‍മയില്ലേ... കുളത്തില്‍ വീഴാത്ത സുഹൃത്തിനുവേണ്ടി വെള്ളത്തില്‍ മുങ്ങിത്തപ്പുന്ന ഹരിശ്രീ അശോകന്റെയും കൊച്ചിന്‍ ഹനീഫയുടെയുമെല്ലാം കഥാപാത്രങ്ങളെ..? ഇതിനു സമാനമായ ഒരു സംഭവം വെള്ളിയാഴ്ച കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലും അരങ്ങേറി.
വെള്ളിയാഴ്ച ഉച്ചയോടെയാണ് കരുനാഗപ്പള്ളി ആലുംകടവിൽ മൂന്ന് സുഹൃത്തുക്കൾ കക്കാവാരുന്നതിനായി കായലിൽ ഇറങ്ങിയത്. വെെകീട്ട് ഇവർ തിരിച്ചുകയറിയപ്പോഴാണ് കൂടെയുണ്ടായിരുന്ന സുഹൃത്തിനെ കാണാനില്ലെന്ന കാര്യം ശ്രദ്ധിക്കുന്നത്. വെള്ളത്തിൽ മുങ്ങിപ്പോയിട്ടുണ്ടാകും എന്ന് ആശങ്കയായി.
പരിഭ്രാന്തിയിലായ രണ്ടുപേരും പിന്നെ കൂടുതലൊന്നും ആലോചിച്ചില്ല, വിവരം നാട്ടുകാരെ അറിയിച്ച് തിരച്ചിൽ ആരംഭിച്ചു. സമയംകളയാതെ അഗ്നിരക്ഷാസേനയേയും പോലീസിനെയും വിളിച്ചറിയിച്ചു. വൈകാതെ അഗ്നിശമന സേനയും പോലീസും എത്തി. കായലിൽ മുങ്ങിത്തപ്പാൻ സ്കൂബാ ടീമും സ്ഥലത്തെത്തി. എല്ലാവരുംകൂടി തിരച്ചിൽ ഊർജിതമാക്കി. സംഭവമറിഞ്ഞ് ആളുകൾ തടിച്ചുകൂടി, പ്രദേശത്ത് ഒരേ പുകിൽ.
തിരച്ചില്‍ പുരോഗമിക്കുന്നതിനിടെയാണ് തിരയുന്നയാളെ വഴിയില്‍വെച്ച് കണ്ടതായി ഒരാള്‍ വിവരം അറിയിക്കുന്നത്. ഇതോടെയാണ് സംഭവത്തിലെ ട്വിസ്റ്റ്. തപ്പിക്കൊണ്ടിരിക്കുന്ന വ്യക്തി കായലില്‍ ഇറങ്ങിയിട്ടേയില്ലെന്നും മറ്റേതോ വഴിക്ക് പോയിരിക്കുകയാണെന്നും വ്യക്തമായി. ഏതായാലും യുവാവിന് അപകടമൊന്നും സംഭവിച്ചില്ലല്ലോ എന്ന ആശ്വാസത്തോടെ സുഹൃത്തുക്കളും നാട്ടുകാരും മടങ്ങി; ഒപ്പം അഗ്നിരക്ഷാസേനയും സ്കൂബാ ടീമും.