കൽപറ്റ: മലപ്പുറം ജില്ലയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ അയൽ ജില്ലയായ വയനാട്ടിലും ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ (ആരോഗ്യം) ഡോ. ടി. മോഹൻദാസ് അറിയിച്ചു. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല. ശരിയായ പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ച് ജാഗ്രത കാണിക്കുകയാണ് വേണ്ടത്. മുമ്പ് ജില്ലയിലെ പഴംതീനി വവ്വാലുകളിൽ ഐ.സി.എം.ആർ നടത്തിയ സാമ്പിൾ പരിശോധനയിൽ നിപ വൈറസിനെതിരെയുള്ള ആന്റി ബോഡികൾ കണ്ടെത്തിയിരുന്നു.
അതുകൊണ്ടുതന്നെ നിപ സാധ്യതയുള്ള സീസണായതിനാൽ രണ്ടു മാസം മുമ്പ് ജില്ലയിലെ ആരോഗ്യ ജാഗ്രതാ പ്രവർത്തനങ്ങളിൽ നിപക്ക് പ്രത്യേക പ്രാധാന്യം നൽകി പകർച്ചവ്യാധി നിരീക്ഷണ പ്രവർത്തനങ്ങൾ തുടർന്നുവരികയാണ്. നിപ രോഗസാധ്യതയുള്ള ലക്ഷണങ്ങൾ നിരീക്ഷിക്കാനും ഉടൻ റിപ്പോർട്ട് ചെയ്യാനും എല്ലാ ആരോഗ്യ കേന്ദ്രങ്ങൾക്കും നിർദേശം നൽകിയിരുന്നു. വ്യക്തിശുചിത്വം, ഭക്ഷണ ശുചിത്വം, പകർച്ചസാധ്യതകൾ ഒഴിവാക്കാനുള്ള സൂക്ഷ്മതയും സ്വയം പ്രതിരോധവുമൊക്കെയാണ് നിപയെ തടയാനുള്ള മാർഗങ്ങൾ. തെറ്റായ വാർത്തകളും പ്രചാരണങ്ങളും തിരിച്ചറിയാനും ശരിയായ വിവരങ്ങൾക്ക് സർക്കാർ കേന്ദ്രങ്ങളെ പിന്തുടരാനും എല്ലാവരും ശ്രദ്ധിക്കണം.
ഏതെങ്കിലും സഹായങ്ങൾക്കും സംശയങ്ങൾ ദൂരീകരിക്കുന്നതിനും അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളെയോ ആരോഗ്യ പ്രവർത്തകരെയോ ദിശ ഹെൽപ് ലൈൻ നമ്പറുകളിലോ (104, 1056, 0471 2552056) ബന്ധപ്പെടാവുന്നതാണ്..