തിരുവനന്തപുരം: നവകേരള സദസിൽ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന മലപ്പുറം തിരൂരങ്ങാടി ഡി.ഇ.ഒയുടെ ഉത്തരവിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു. കുട്ടികളെ പങ്കെടുപ്പിക്കണമെന്ന നിർദേശത്തിനെതിരെ കെ.എസ്.യു ഹൈകോടതിയെ സമീപിക്കും.
താനൂർ ഉപജില്ലയിലെ ഒരു സ്കൂളിൽ നിന്ന് കുറഞ്ഞത് 200 കുട്ടികളെ വീതവും തിരൂരങ്ങാടി, വേങ്ങര, പരപ്പനങ്ങാടി, ഉപജില്ലകളിൽ നിന്നായി കുറഞ്ഞത് നൂറുകുട്ടികളെയും എത്തിക്കണമെന്നായിരുന്നു തിരൂരങ്ങാടി ഡി.ഇ.ഒയുടെ നിർദ്ദേശം. അതും അച്ചടക്കമുള്ള കുട്ടികളെ തെരഞ്ഞെടുത്ത് കൊണ്ടുപോകണമെന്നും പ്രത്യേക നിർദ്ദേശം നൽകിയിരുന്നു.
ഇതിന് പിന്നാലെയാണ് സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തത്. മലപ്പുറം വിദ്യാഭ്യാസ ഉപ ഡയറക്ടറോട് വിശദീകരണം ചോദിച്ചു. നവ കേരള സദസ്സിന്റെ വാഹനം സഞ്ചരിച്ച വഴിയിൽ സ്കൂൾ കുട്ടികളെ മുദ്രാവാക്യം വിളിപ്പിച്ചതടക്കം ചൂണ്ടികാട്ടിയാണ് ഹർജി നൽകുകയെന്ന് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് പറഞ്ഞു.