തിരുവനന്തപുരം: സംസ്ഥാനത്ത് മുൻഗണന വിഭാഗത്തിലുള്ള മഞ്ഞ, പിങ്ക് റേഷൻകാർഡുകളിൽ മസ്റ്ററിങ് നടത്താത്ത 11,56,693 പേരുടെ റേഷൻ മരവിപ്പിച്ചു. നിരവധി അവസരങ്ങൾ ഭക്ഷ്യവകുപ്പ് നൽകിയെങ്കിലും ഇതിലൊന്നും സഹകരിക്കാതെ മാറിനിന്നവരെയാണ് കേരളത്തിലെ സ്ഥിരതാമസക്കാരല്ലെന്ന് (നോൺ റെസിഡന്റ് കേരള- എന്.ആർ.കെ) ചൂണ്ടിക്കാട്ടി സർക്കാർ ഒഴിവാക്കുന്നത്.
ഇവരുടെ പേര് റേഷൻ കാർഡിലുണ്ടാകുമെങ്കിലും മാർച്ച് 31ന് ശേഷം ഇവരുടെ ഭക്ഷ്യവിഹിതം പൂർണമായും റദ്ദുചെയ്യുമെന്ന് കേന്ദ്രസർക്കാർ സംസ്ഥാന സർക്കാറിനെ അറിയിച്ചിട്ടുണ്ട്. അതിനാൽ നിലവിൽ മസ്റ്ററിങ് നടത്താത്തവരുണ്ടെങ്കിൽ അടിയന്തരമായി മസ്റ്ററിങ് പൂർത്തിയാക്കണമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു.