മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിനെതിരേ മുസ്‌ലിം ലീഗ്. പരാമർശം ദൗർഭാഗ്യകരവും സമൂഹം ഉൾക്കൊള്ളാത്തതുമാണെന്ന് ദേശീയ ജനറൽസെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. സാദിഖലി തങ്ങൾ ജമാഅത്തെ ഇസ്‌ലാമിയുടെ അനുയായിയെപ്പോലെ പ്രവർത്തിക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
സർക്കാരിനു ചെയ്യാൻപറ്റാത്തത് പാണക്കാട്ടെ തങ്ങൾ ചെയ്യുന്നതിലുള്ള അസൂയയാണ് മുഖ്യമന്ത്രിക്ക്. മുനമ്പം വിഷയത്തിലടക്കം മതസൗഹാർദം കാത്തുസൂക്ഷിക്കാൻ സാദിഖലി തങ്ങളുടെ ഇടപെടൽ ജനങ്ങൾ കാണുന്നുണ്ട്. ജനങ്ങളുടെ ഹൃദയത്തിലാണ് പാണക്കാട് തങ്ങന്മാരുടെ സ്ഥാനമെന്നും അതിന് സർക്കാരിന്റെ ഗുഡ് സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
രാഷ്ട്രീയപ്രക്ഷുബ്ധതയുടെ കാലത്ത് ശിഹാബ് തങ്ങൾ എടുത്ത അതേ നിലപാടുതന്നെയാണ് സാദിഖലി തങ്ങളും സ്വീകരിക്കുന്നത്. മുനമ്പം വിഷയം കത്താതിരിക്കാൻ മുന്നിൽനിന്ന് പ്രവർത്തിച്ചത് അദ്ദേഹമാണ്. എന്നാൽ, പ്രശ്നം അവസാനിക്കരുതെന്ന ബി.ജെ.പി.യുടെ നയം തന്നെയാണ് സി.പി.എമ്മിനുമുള്ളത്. രാഷ്ട്രീയനേട്ടമുണ്ടാക്കാൻ ഏതറ്റംവരെയും പോകാമെന്ന സി.പി.എം. നിലപാടിന്റെ ഭാഗമാണിത്. ഗതികേടിന്റെ അറ്റമാണ് മുഖ്യമന്ത്രിയുടെ പരാമർശം.സന്ദീപ് വാരിയരുടെ കോൺഗ്രസ് പ്രവേശത്തോടെ യു.ഡി.എഫാണ് വിജയിക്കാൻ പോകുന്നതെന്ന പ്രതീതി മണ്ഡലത്തിലുണ്ടായി. ഇത് മതേതരവിശ്വാസികളുടെ വോട്ട് യു.ഡി.എഫിന് അനുകൂലമായി ഏകീകരിക്കുമെന്ന ഭയത്തിലാണ് ഇത്തരം പ്രസ്താവനകൾ.സന്ദീപ് വാരിയർ പാണക്കാട്ട് വന്നത് നല്ല സന്ദേശമാണു നൽകുകയെന്നും അതിന് അനുകൂല സ്വാധീനമുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.