കോഴിക്കോട്: റോഡ് സുരക്ഷക്ക് പ്രാധാന്യം നൽകി ഡ്രൈവിങ് ടെസ്റ്റുകൾ കാര്യക്ഷമമാകുന്നു. മോട്ടോർ വാഹന വകുപ്പിന്റെ ലേണിങ് ടെസ്റ്റിൽ മണ്ടൻ ചോദ്യങ്ങളുടെ അതിപ്രസരമുള്ളത് പലപ്പോളും വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഡ്രൈവിങ് ടെസ്റ്റിനും ബാഡ്ജിനും വേണ്ടി പരിവാഹൻ സൈറ്റിലൂടെ നടത്തുന്ന ഓൺലൈൻ പരീക്ഷയിൽ നിലവാരമില്ലാത്തതും മണ്ടൻ ചോദ്യങ്ങളും പരീക്ഷാർഥികളെ വലച്ചിരുന്നു. വാഹനം ഓടിക്കാൻ പഠിക്കുന്നയാൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഇനിമുതൽ ചോദ്യങ്ങളായി ഉണ്ടാവുക. ലേണേഴ്സ് ടെസ്റ്റിൽ പ്രസക്തമായ 35 ചോദ്യങ്ങളോളം ഉൾക്കൊള്ളിക്കേണ്ടതാണെന്നും പാസ്/ഫെയിൽ എന്നിവക്കുള്ള മാനദണ്ഡം തയാറാക്കാനും ഇതുസംബന്ധിച്ചുള്ള പരിഷ്കരണത്തിന് നിയോഗിച്ച കമ്മിറ്റിക്ക് നിർദേശം നൽകി ഉത്തരവിറക്കി. ഡ്രൈവിങ് ടെസ്റ്റുകൾ നടത്തുമ്പോൾ വളഞ്ഞുപുളഞ്ഞുള്ള വളവുകളിലെ ഡ്രൈവിങ്, കുത്തനെയുള്ള കയറ്റത്തിലെ ഡ്രൈവിങ്, അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട ഡ്രൈവിങ് ആവശ്യകതകൾ മുതലായവ ഉൾപ്പെടെ ലോകോത്തര നിലവാരത്തിലുള്ള ടെസ്റ്റിങ് രീതികൾ അവലംബിക്കും.
മോട്ടോർ ഡ്രൈവിങ് സ്കൂളുകൾ ടെസ്റ്റ് സമയത്ത് കാമറകൾ ഘടിപ്പിക്കുകയും റെക്കോഡ് മൂന്നുമാസം സൂക്ഷിക്കുകയും വേണം. മോട്ടോർ വാഹനവകുപ്പിലെ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ സൂക്ഷിച്ചവ ലഭ്യമാക്കേണ്ടതുമാണ്. കോവിഡ് കാലത്ത് ‘സാരഥി’യിൽ ക്രമീകരിച്ച അഞ്ഞൂറോളം ചോദ്യാവലിയിൽ നിന്നാണ് ഇപ്പോഴും ക്രമരഹിതമായ രീതിയിൽ 20 എണ്ണം ചോദിക്കുന്നത്. ഇതുവരെയായിട്ടും ചോദ്യാവലികൾ അപ്ഡേറ്റ് ചെയ്തിരുന്നില്ല. ഇപ്പോൾ റോഡുകളിലെ വാഹനങ്ങളുടെ വേഗപരിധി മാറ്റിയിട്ടുമുണ്ട്. ഇതൊന്നും ചോദ്യാവലിയിൽ അപ്ഡേറ്റ് ചെയ്തിട്ടില്ല. ഒമ്പതുപേരടങ്ങിയ കമ്മിറ്റിയെയാണ് പരിഷ്കരണത്തിനായി നിയമിച്ചത്.