തൃശ്ശൂർ: ധനകാര്യ സ്ഥാപനത്തിൽനിന്ന് 20 കോടിയോളം രൂപ തട്ടിപ്പ് നടത്തി കടന്നു കളഞ്ഞ ജീവനക്കാരി ധന്യാ മോഹനൻ (40) പോലീസിൽ കീഴടങ്ങി. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തിയാണ് പ്രതി കീഴടങ്ങിയത്. കഴിഞ്ഞ രണ്ട് ദിവസമായി ധന്യയെ പിടികൂടാൻ പോലീസ് തിരച്ചിൽ ശക്തമാക്കിയിരുന്നു.
ജൂലായ് 23-ന് ധനകാര്യ സ്ഥാപനത്തിലെ ഉയർന്ന ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. അന്ന് 80 ലക്ഷം രൂപയുടെ തിരിമറിയായിരുന്നു കണ്ടെത്തിയത്.പരിശോധന സമയത്ത് സ്ഥാപനത്തിൽ ഉണ്ടായിരുന്ന ധന്യ, പിടിയിലാവുമെന്ന് മനസ്സിലായതോടെ ശാരീരിക ബുദ്ധിമുട്ട് അഭിനയിച്ച് ഇവിടെനിന്ന് ഇറങ്ങിപ്പോയി മറ്റാരുടെയോ സഹായത്തോടെ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് 80 ലക്ഷത്തിന്റെ തട്ടിപ്പ് നടന്നുവെന്ന് സ്ഥാപനത്തിന്റെ ആപ്ലിക്കേഷൻ ഹെഡ് സുശീൽ നൽകിയ പരാതിയിൽ വലപ്പാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
എന്നാൽ പിന്നീട് നടത്തിയ പരിശോധനയിലാണ് തട്ടിപ്പിന്റെ വ്യാപ്തി മനസ്സിലായത്. 19.94 കോടി രൂപയുടെ തിരിമറിയാണ് നടന്നത് എന്ന് ഇതിൽ ബോധ്യമായി. 2024 ഏപ്രിലിലാണ് ധന്യ സ്വന്തം അക്കൗണ്ടിലേക്ക് 80 ലക്ഷം രൂപ ട്രാസ്ഫർ ചെയ്തത്. രണ്ടുഘട്ടമായി നടന്ന പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയതെങ്കിലും ഒറ്റ എഫ്.ഐ.ആർ ഇട്ടാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. ഐപിസി 406, 420 വകുപ്പുകളും ഇവർക്കെതിരെ ചുമത്തി.