അടൂർ(പത്തനംതിട്ട): ഭാര്യാമാതാവിനെ തെരുവുനായയുടെ ആക്രമണത്തിൽനിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മന്ത്രിയുടെ ഡ്രൈവറുടെ നാക്കിൽ നായയുടെ കടിയേറ്റു. കൃഷിമന്ത്രി പി. പ്രസാദിന്റെ ഡ്രൈവർ അടൂർ മേലൂട് സ്വദേശി ശശി (54)ക്കാണ് കടിയേറ്റത്. ശശിയുടെ ഭാര്യാമാതാവ് ഭാരതി(64)യുടെ മൂക്കിനും നായ കടിച്ചു. ഹൃദ്രോഗത്തിന് പേസ് മേക്കർ ഘടിപ്പിച്ചിട്ടുള്ള ആളാണ് ഭാരതി.
അടൂർ ഗവ.ആശുപത്രിയ്ക്കു സമീപത്തുവെച്ച് വെള്ളിയാഴ്ച വൈകീട്ട് നാലരയോടെ ആയിരുന്നു ആക്രമണം. റോഡിൽകൂടി നടന്നുവരുമ്പോൾ നായ പാഞ്ഞടുക്കുന്നതുകണ്ട ഭാരതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഈ സമയം ശശി സമീപത്തെ കടയ്ക്കുമുന്നിൽ നിൽക്കുകയായിരുന്നു. ഭാരതിയെ നായ കടിക്കാൻ ചാടുന്നത് കണ്ട ശശി കൈയ്യിലിരുന്ന ബാഗ് കൊണ്ട് അടിച്ചു. ഇതിനിടെ ഭാരതിയുടെ മൂക്കിന് നായ കടിച്ചു.അടികൊണ്ട് മാറിയ ഉടനെ നായ ശശിയുടെ മുഖത്തിനുനേരെ ചാടുകയും നാക്കിൽ കടിക്കുകയും ചെയ്തു. ഇവരെക്കൂടാതെ മറ്റ് അഞ്ചുപേരെയും നായ ആക്രമിച്ചു.