കോഴിക്കോട്: പത്താം ക്ലാസിലെ ക്രിസ്‌തുമസ് ചോദ്യപേപ്പർ ചോർച്ചയിൽ കൊടുവള്ളിയിലെ യൂട്യൂബ് ചാനൽ എംഎസ് സൊല്യൂഷൻസ് സിഇഒ എം ഷുഹെെബിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ഷുഹെെബ് വിദേശത്തേക്ക് കടക്കുന്നത് തടയാനാണ് നടപടി. ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നെങ്കിലും ഷുഹെെബ് ഇന്നലെ ഹാജരായിരുന്നില്ല.
ഈ സാഹചര്യത്തിൽ വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് നടപടി. സ്ഥാപനത്തിലെ മറ്റ് ജീവനക്കാരെയും നോട്ടീസ് നൽകി ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണ് വിവരം. ചോദ്യപേപ്പർ ചോർച്ചയിൽ ക്രെെംബ്രാഞ്ചാണ് കേസെടുത്ത് അന്വേഷിക്കുന്നത്.പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആർ ഇട്ടത്.ഷുഹെെബിനെ അടക്കം പ്രതിചേർത്തിട്ടുണ്ട്. വിശ്വാസ വഞ്ചന ഉൾപ്പടെ ഏഴ് വകുപ്പുകൾ ചുമത്തിയാണ് ക്രെെംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എം എസ് സൊല്യൂഷൻസിനൊപ്പം ചോദ്യങ്ങൾ പ്രവചിച്ച മറ്റു സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളുടെ പ്രവർത്തനവും പരിശോധിക്കും.