പാലക്കാട്: മഴക്കാലം മുന്‍നിര്‍ത്തി 40 അംഗങ്ങളടങ്ങുന്ന പ്രത്യേക കര്‍മസേന രൂപവത്കരിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം. ആരോഗ്യമുള്ള യുവാക്കളെ ഉള്‍പ്പെടുത്തിയാണ് സേനയുണ്ടാക്കേണ്ടത്. വെള്ളപ്പൊക്കമുള്‍പ്പെടെയുള്ള ദുരന്തസാധ്യതയുള്ള പ്രദേശങ്ങളില്‍ തിരഞ്ഞെടുത്ത യുവാക്കള്‍ക്ക് ചുമതല നല്‍കി പരിശീലനവും നല്‍കണം. ജൂണ്‍ ആദ്യവാരം മുതല്‍ കര്‍മസേന സജ്ജമാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.മഴക്കാല ദുരന്തസാധ്യത മുന്നില്‍ക്കണ്ട് ദുരന്തസാധ്യതാ പ്രദേശങ്ങളിലുള്ളവരുടെ പട്ടിക തദ്ദേശസ്ഥാപനതലത്തിലും വില്ലേജ് തലത്തിലും പുതുക്കണം എന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ വന്നതിനു പിന്നാലെയാണ് ഈ നിര്‍ദേശവും വന്നിട്ടുള്ളത്.
നേരത്തെ പല ഘട്ടത്തിലും കര്‍മസേന രൂപവത്കരിച്ചിട്ടുണ്ടെങ്കിലും പലപ്പോഴായി അവയില്‍നിന്ന് ആളുകള്‍ ഒഴിഞ്ഞുപോകുന്നതും തുടര്‍ച്ചയായി പരിശീലനം നല്‍കാത്തതും തിരിച്ചടിയായിട്ടുണ്ട്.മഴക്കാലക്കെടുതികളുടെ ഭാഗമായി ദുരിതാശ്വാസ ക്യാമ്പുകള്‍ ഒരുക്കേണ്ടിവന്നാല്‍ ഇവിടങ്ങളില്‍ പോലീസും അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ക്കുമൊപ്പം പ്രവര്‍ത്തിക്കേണ്ട ചുമതലയും കര്‍മസേനയ്ക്കുണ്ട്.
അതാത് വാര്‍ഡുകളില്‍ കര്‍മസേനയില്‍ അംഗങ്ങളാകാന്‍ താത്പര്യമുള്ളവര്‍ വാര്‍ഡ് അംഗം മുഖേന വിവരം തദ്ദേശസ്ഥാപനങ്ങളെ അറിയിക്കണം. ഇതനുസരിച്ച് പഞ്ചായത്തുകളും നഗരസഭകളും പട്ടിക തയ്യാറാക്കും. അതില്‍നിന്ന് പ്രായം, ആരോഗ്യം എന്നിവ കണക്കിലെടുത്താണ് കര്‍മ്മസേനയെ തിരഞ്ഞെടുക്കുക.
ജൂണ്‍, ജൂലായ്, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ ആദ്യ ആഴ്ചയില്‍ ചേരുന്ന പ്രത്യേക ജില്ലാതല അവലോകന യോഗത്തിലായിരിക്കും ഇവരുടെ മറ്റു ചുമതലകള്‍ നിശ്ചയിക്കുക.