കുറ്റിപ്പുറം: വിശപ്പ് കാരണം ചത്ത പൂച്ചയെത്തിന്ന യുവാവിനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി. അസമിലെ ധുബ്രി ജില്ലയിലെ പൊക്ളാഖി സ്വദേശി ദിബോജിത് റോയിയെ (27) ആണ് ഞായറാഴ്ച കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് ചികിത്സയ്ക്കായി മാറ്റിയത്.
ശനിയാഴ്ച വൈകുന്നേരം കുറ്റിപ്പുറം ടൗൺ ബസ് സ്റ്റാൻഡിൽ ബസുകൾ പാർക്ക് ചെയ്യുന്ന ഭാഗത്തിരുന്ന് ദിബോജിത് ചത്ത പൂച്ചയെ തിന്നുന്നത് അവിടുത്തെ കച്ചവടക്കാരാണ് ആദ്യം കണ്ടത്. ദുർഗന്ധത്തെത്തുടർന്ന് കച്ചവടക്കാർ അന്വേഷിക്കുമ്പോഴാണ് ഇതു കാണുന്നത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊതുപ്രവർത്തകനായ റഫീഖ് മണിയും ടാക്സി ഡ്രൈവർ എൻ.പി. സുബൈറും ദിബോജിത് റോയിയോട് പൂച്ചയെ താഴെയിടാൻ പറഞ്ഞു. യുവാവ് അതനുസരിച്ചു. എന്തിനാണ് പൂച്ചയെ തിന്നതെന്ന് ചോദിച്ചപ്പോൾ വിശന്നിട്ടാണെന്നായിരുന്നു മറുപടി. ഉടനെ ഇവർ ഭക്ഷണവും വെള്ളവും നൽകി. അപ്പോഴേക്കും കുറ്റിപ്പുറം പോലീസ് ഇൻസ്പെക്ടർ പത്മരാജന്റെ നേതൃത്വത്തിൽ പോലീസ് സംഘവും സ്ഥലത്തെത്തി. ഭക്ഷണം കഴിച്ചശേഷം യുവാവ് അവിടെനിന്നു പോയി. ഇതിനിടെ ഈ ദൃശ്യം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു.
ഞായറാഴ്ച രാവിലെ എസ്.ഐ.മാരായ വാസുണ്ണി, ശെൽവരാജ് എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ യുവാവിനെ കണ്ടെത്താൻ ശ്രമം തുടങ്ങി. രാവിലെ 10.30-ന് കുറ്റിപ്പുറം റെയിൽവേസ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്റർ ഓഫീസിനു സമീപത്തുനിന്ന് യുവാവിനെ കണ്ടെത്തി. പോലീസ് വന്ന് സ്റ്റേഷനിലെത്തിച്ച് ഭക്ഷണം നൽകി. കുളിപ്പിച്ച് പുതിയ വസ്ത്രങ്ങൾ ധരിപ്പിച്ചു. യുവാവ് തന്റെ മേൽവിലാസം എഴുതി നൽകി.
പോലീസ് വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോൾ കോളേജ് വിദ്യാർത്ഥിയായ ദിബോജിത് റോയ് മാനസികരോഗ ചികിത്സയിലായിരുന്നെന്നും ഡിസംബർ 12-മുതൽ കാണാനില്ലെന്നും മറുപടി ലഭിച്ചു. ചികിത്സാരേഖകൾ വീട്ടുകാർ അയച്ചുകൊടുക്കുകയുംചെയ്തു. യുവാവിനെ ഏറ്റെടുക്കുന്നതിൽ വീട്ടുകാർ താത്പര്യം പ്രകടിപ്പിച്ചില്ല. തുടർന്ന് താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കുശേഷം ഉച്ചയോടെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റുകയായിരുന്നു.