ന്യൂഡൽഹി: ആശ വർക്കർമാരുടെ വേതനം വർധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദ. രാജ്യസഭയിൽ സന്തോഷ് കുമാർ എം.പിയുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് കേന്ദ്ര മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സാമ്പത്തിക സഹായം നൽകുന്ന വിഷയം ചർച്ച ചെയ്യാൻ ദേശീയ ആരോഗ്യ മിഷന്‍റെ യോഗം കഴിഞ്ഞയാഴ്ച ചേർന്നിരുന്നു. ആശ വർക്കർമാരുടെ വേതനം വർധിപ്പിക്കും. ആശ വർക്കർമാരുടെ കഠിനാധ്വാനത്തെയും ഗ്രാമീണമേഖലയിൽ ചെയ്യുന്ന കടമകളെയും അഭിനന്ദിക്കുന്നുവെന്നും ജെ.പി. നദ്ദ വ്യക്തമാക്കി.
അതേസമയം, ദേശീയ ആരോഗ്യ മിഷനിൽ നിന്നും ആശ വർക്കർമാർക്കുള്ള കേന്ദ്രവിഹിതം നൽകിയില്ലെന്ന കേരളത്തിന്‍റെ ആക്ഷേപം ശരിയല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി പറഞ്ഞു. കേരളത്തിന് വിഹിതം കൃത്യമായി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന് കുടിശ്ശിക തുകയായി ഒന്നും നൽകാനില്ല. മുഴുവൻ തുക നൽകിയിട്ടും അതിന്‍റെ വിനിയോഗത്തിന്‍റെ വിശദാംശങ്ങൾ കേരളം തന്നിട്ടില്ലെന്നും ജെ.പി. നദ്ദ ചൂണ്ടിക്കാട്ടി.