ന്യൂഡൽഹി: വിദ്വേഷ പരാമർശവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ. വ്രതമെടുക്കുന്ന ഒരു മാസം മലപ്പുറം ജില്ലയിൽ ഒരു തുള്ളി വെള്ളം പോലും ലഭിക്കില്ലെന്നാണ് സുരേന്ദ്രൻ പറഞ്ഞത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. രാമനാട്ടുകര മുതൽ തൃശൂർ ജില്ലയുടെ അതിർത്തിവരെ ഒരു തുള്ളി വെള്ളം ആർക്കും കിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
നിർബന്ധിച്ചാണ് കടയടപ്പിക്കുന്നതെന്ന് ചോദിച്ചാൽ ആരും നിർബന്ധിക്കുന്നതായി കണ്ടിട്ടില്ല. പക്ഷേ കടകളൊന്നും തുറക്കുന്നില്ല. അത് ശരിയായ സമീപനമല്ല. പുരോഗമന പാർട്ടികൾ ഇതിനെതിരെ രംഗത്തുവരണമെന്നും സുരേന്ദ്രൻ പറഞ്ഞു.
'ശബരിമല വ്രതം നോക്കുന്ന കാലത്ത് കടകളിലൊന്നും നിർബന്ധപൂർവം വെജിറ്റേറിയൻ കച്ചവടമേ നടത്താൻ പാടുള്ളൂവെന്ന് പറയാറില്ല. പക്ഷേ മലപ്പുറം ജില്ലയിൽ ഒരുമാസം ഒരു തുള്ളി വെള്ളം ഒരാൾക്കും ലഭിക്കില്ല. എന്തൊരു ഫാസിസ്റ്റ് സമീപനമാണിത്. നാം വ്രതമെടുക്കുന്നില്ല.പക്ഷേ ഒരു മാസം മലപ്പുറം ജില്ലയിലും കോഴിക്കോട് ജില്ലയിലെ ചില സ്ഥലങ്ങളിലും ഒരു തുള്ളി വെള്ളം ലഭിക്കില്ല. ഞാൻ എന്റെ അനുഭവം പറയുകയാണ്. നിങ്ങൾ ഒരു പുരോഗമന പാർട്ടിക്കാരും അതിനെക്കുറിച്ച് പറയുന്നില്ല. .'- അദ്ദേഹം പറഞ്ഞു.