ഒട്ടാവ: കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ഡൽഹി സ്വദേശിയും കാൽഗറി സർവകലാശാലയിലെ വിദ്യാർത്ഥിനിയുമായ തന്യ ത്യാഗിയാണ് മരിച്ചത്. ഇന്നലെയാണ് യുവതിയുടെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ വാൻകൂവറിലെ കോൺസുലേറ്റ് ജനറൽ ഒഫ് ഇന്ത്യ അറിയിച്ചത്. മരിച്ചത് തന്യ ത്യാഗിയാണെന്ന് അറിഞ്ഞിരുന്നെങ്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമായിരുന്നില്ലെന്ന് അധികൃതർ അറിയിച്ചിരുന്നു.
കാനഡയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് കൂടുതൽ വിവരങ്ങൾ അറിയാൻ ശ്രമിക്കുന്നുണ്ടെന്നും വിദ്യാർത്ഥിനിയുടെ കുടുംബത്തിനാവശ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുമെന്നും കോൺസുലേറ്റ് ജനറൽ ഒഫ് ഇന്ത്യ എക്സിലൂടെ അറിയിച്ചു. യുവതിയുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഞങ്ങളുടെ അനുശോചനവും പ്രാർത്ഥനയും രേഖപ്പെടുത്തുന്നുണ്ടെന്നും കോൺസുലേറ്റ് ജനറൽ ഒഫ് ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. തന്യ ത്യാഗിയുടെ മരണകാരണം ഇതുവരെയായിട്ടും ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടില്ല.