കൊച്ചി: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതിക്ക് പരോൾ അനുവദിക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. ആറാം പ്രതിയായ സിജിത്തിനാണ് കോടതി പരോൾ നിഷേധിച്ചത്.
കുഞ്ഞിന്റെ ചോറൂണിൽ പങ്കെടുക്കുന്നതിനായി സിജിത്തിന് പത്തുദിവസത്തെ പരോൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ സി.എസ്. അഞ്ജുവാണ് കോടതിയെ സമീപിച്ചത്. ചോറൂണിന്റെ സമയത്ത് കുഞ്ഞിന്റെ പിതാവ് അടുത്തുണ്ടാകണമെന്നു കാണിച്ചായിരുന്നു പരോൾ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ സിജിത്തിന് കുഞ്ഞ് ജനിച്ചതിനെ തുടർന്ന് പത്ത് ദിവസത്തെ പരോൾ കോടതി അനുവദിച്ചിരുന്നു.വീണ്ടും പരോൾ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചപ്പോൾ കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടി. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് സിജിത്തിന് പരോൾ നിഷേധിച്ചത്.