തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത തുടരുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുതുക്കിയ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. നേരത്തെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച നാലുജില്ലകളില്‍ തിങ്കളാഴ്ച മുന്നറിയിപ്പ് തുടരും. ഇതിന് പുറമേ കാസര്‍കോടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അഞ്ച് വടക്കന്‍ ജില്ലകളിലാണ് തിങ്കളാഴ്ച റെഡ് അലർട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ തിങ്കളാഴ്ച അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലി മീറ്ററിൽ കൂടുതല്‍ മഴ ലഭിക്കാം. ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ മഞ്ഞ അറിയിപ്പാണ്. കൊല്ലത്തും തിരുവനന്തപുരത്തും മഴ മുന്നറിയിപ്പില്ല.
ചൊവ്വാഴ്ച കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്.ശക്തമായ മഴ ലഭിച്ചുകൊണ്ടിരിക്കുന്ന മലയോര മേഖലയില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുണ്ട്. വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോര മേഖലകള്‍ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകള്‍ മഴ മുന്നറിയിപ്പ് മാറുന്നത് വരെ ഒഴിവാക്കണമെന്ന് നിര്‍ദേശമുണ്ട്.