തിരുവനന്തപുരം: പ്രമുഖ ജ്വല്ലറിയുടെ ജീവനക്കാരനെ കബളിപ്പിച്ച് സ്വർണ ബിസ്കറ്റ് കവർന്നു. തലസ്ഥാനത്ത് നഗര മധ്യത്തിലുള്ള പ്രമുഖ ഹോട്ടലിൽ വച്ചാണ് മോഷണം നടന്നത്. സ്വർണ ബിസ്കറ്റ് വാങ്ങാനുണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് ബിസ്ക്കറ്റുമായി ഹോട്ടലിലെത്തിയ ജീവനക്കാരനെ കബളിപ്പിച്ചാണ് മോഷ്ടാവ് സ്വർണവുമായി കടന്നത്. ചൊവ്വാഴ്ച രാത്രി ജ്വല്ലറിയിൽ വിളിച്ച് മൂന്നു സ്വർണ ബിസ്ക്കറ്റുകൾ ആവശ്യമുണ്ടെന്ന് ഒരാൾ അറിയിക്കുകയായിരുന്നു. തന്റെ മുതലാളിക്കായാണ് വിളിക്കുന്നതെന്നും അത്യാവശ്യമായി ബിസ്ക്കറ്റ് എത്തിക്കണമെന്നും വിളിച്ചയാൾ ആവശ്യപ്പെട്ടു. ജ്വല്ലറിയിലേക്ക് വരാനുള്ള അസൗകര്യവും അറിയിച്ചു. രാവിലെ സ്വർണം ഹോട്ടലിൽ എത്തിക്കാമെന്ന് ജീവനക്കാർ അറിയിച്ചു.
ജ്വല്ലറി ജീവനക്കാരൻ ഹോട്ടലിലെത്തിയപ്പോൾ വിളിച്ചയാൾ റിസപ്ഷനിൽ നിൽക്കുന്നുണ്ടായിരുന്നു. ജീവനക്കാരനെ ഇയാൾ റസ്റ്റോറന്റിന്റെ ഭാഗത്തേക്ക് കൊണ്ടുപോയി. മുതലാളി മുറിയിലുണ്ടെന്നും ബിസ്ക്കറ്റ് കാണിച്ചിട്ടു വരാമെന്നും പറഞ്ഞ് ബിസ്ക്കറ്റുമായി ഹോട്ടലിനുള്ളിലേക്ക് പോയി. ജ്വല്ലറി ജീവനക്കാരന് റസ്റ്റോറന്റിൽ നിന്നും ജ്യൂസും ഓർഡർ ചെയ്തു നൽകി. അര മണിക്കൂർ കഴിഞ്ഞും ആളെ കാണാതായപ്പോൾ ജ്വല്ലറി ജീവനക്കാരൻ ഫോണിൽ ബന്ധപ്പെട്ടു. ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഹോട്ടലിന്റെ മറ്റൊരു വാതിലിലൂടെ തട്ടിപ്പുകാരൻ പുറത്തേക്ക് പോയതായാണ് നിഗമനം. മ്യൂസിയം പോലീസ് കേസെടുത്തു. ഫോൺ നമ്പരും സിസിടിവിയും കേന്ദ്രീകരിച്ചാണ് അന്വേഷണം.