കോഴിക്കോട്: ആലപ്പുഴയിലെ എൻ.ഡി.എ സ്ഥാനാർഥി ശോഭാ സുരേന്ദ്രന്‍റെ ആരോപണങ്ങൾ തള്ളി ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനി ചെയർമാൻ ഗോകുലം ഗോപാലൻ. തന്‍റെ പേരിൽ ഭീഷണിപ്പെടുത്തിയ ആളുടെ പേര് ശോഭ സുരേന്ദ്രൻ വെളിപ്പെടുത്തണമെന്ന് ഗോകുലം ഗോപാലൻ ആവശ്യപ്പെട്ടു. ഒരു രാഷ്ട്രീയ പ്രവർത്തനങ്ങളിലും താൻ ഇടപെടാറില്ല. വ്യക്തിഹത്യ നടത്താൻ വേണ്ടിയാണ് അടിസ്ഥാന രഹിതമായ ആരോപണങ്ങളെന്നും ഗോകുലം ഗോപാലൻ പറഞ്ഞു.
ശോഭാ സുരേന്ദ്രനുമായി നല്ല ബന്ധമാണുള്ളതെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ആവർത്തിച്ചാൽ നിയമ നടപടി സ്വീകരിക്കുമെന്നും ഗോകുലം ഗോപാലൻ വ്യക്തമാക്കി.
പണം നൽകി തന്നെ സ്വാധീനിക്കാൻ കോടീശ്വരനായ ചാനൽ ഉടമ ശ്രമിച്ചെന്നായിരുന്നു കഴിഞ്ഞ ദിവസം ശോഭ സുരേന്ദ്രന്‍റെ ആരോപണം. ആലപ്പുഴയിലെ തന്‍റെ വിജയം ഇല്ലാതാക്കാൻ വ്യാജ വാർത്തകളിലൂടെ ചാനൽ ശ്രമിക്കുകയാണ്. തന്‍റെ വസതിയിൽ ചാനൽ ഉടമയുടെ ഏജന്‍റ് വന്ന് കണ്ടു. വെള്ളാപ്പള്ളി നടേശനെ പൊതുയോഗങ്ങളിൽ ഇത്രത്തോളം പുകഴ്ത്താൻ പാടില്ലെന്നും ഇല്ലെങ്കിൽ ശോഭ സുരേന്ദ്രനെ പരാജയപ്പെടുത്തുമെന്നും ഏജന്‍റ് പറഞ്ഞു. ഇത് പാലിച്ചാൽ മുഴുവൻ തെരഞ്ഞെടുപ്പ് ചെലവുകളും ചാനലുടമ ഏറ്റെടുക്കുമെന്നും അറിയിച്ചു. അതിന് വഴങ്ങാതിരുന്നതോടെ തന്നെ തകർക്കാൻ ലക്ഷ്യമിട്ട് ചാനൽ വ്യാജവാർത്തകളും സർവേ റിപ്പോർട്ടുകളും നൽകുകയാണെന്നും ശോഭ ആരോപിച്ചിരുന്നു.