പത്തനംതിട്ട: സിപിഎം വിട്ട് സിപിഐയില്‍ ചേര്‍ന്ന മുന്‍ ബ്രാഞ്ച് സെക്രട്ടറിയ്ക്ക് വെട്ടേറ്റു. പത്തനംതിട്ട കൊടുന്തറ സ്വദേശി റോബിന്‍ വിളവിനാല്‍(39)നാണ് വെട്ടേറ്റത്. രാത്രി 9.30-ന് മുഖമൂടി ധരിച്ചെത്തിയ സംഘം വീടിന് സമീപം വെച്ചാണ് റോബിനെ ആക്രമിച്ചത്.
അടിച്ചുതാഴെയിട്ടശേഷം വടിവാളിന് വെട്ടുകയായിരുന്നു. റോബന്റെ മൊഴിപ്രകാരം പത്തനംതിട്ട നഗരസഭാ ചെയര്‍മാനും സിപിഎം നേതാവുമായ സക്കീര്‍ ഹുസൈന്‍, മറ്റൊരു സിപിഎം കൗണ്‍സിലര്‍ ആര്‍. സാബു എന്നിവര്‍ ഉള്‍പ്പെടെ ഏഴുപേരെ പ്രതിയാക്കി പത്തനംതിട്ട പോലീസ് കേസ് എടുത്തു.അടുത്തിടെയാണ് റോബിന്‍ വിളവിനാല്‍ സിപിഎം വിട്ട് സിപിഐയില്‍ ചേര്‍ന്നത്. മന്ത്രി വീണാ ജോര്‍ജിനെതിരേ കഴിഞ്ഞദിവസം പത്തനംതിട്ടയില്‍ എസ്ഡിപിഐ മാര്‍ച്ച് നടത്തിയിരുന്നു. ഇതിന് പിന്നില്‍ സക്കീര്‍ ഹുസൈനാണെന്ന തരത്തില്‍ റോബിന്‍ സമൂഹമാധ്യമത്തില്‍ പ്രതികരിച്ചു. മന്ത്രിക്കെതിരേ നഗരസഭാധ്യക്ഷന്‍ നടത്തുന്ന നീക്കങ്ങള്‍ തുറന്നുകാട്ടിയതിലുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിലെന്ന് റോബിന്‍ പറഞ്ഞു.