മഞ്ചേരി: ഫാം ഹൗസിന്റെ മറവിൽ എം.ഡി.എം.എ വിൽപന നടത്തിയതിന് മൂന്ന് പേർ പിടിയിൽ. കാവനൂർ സ്വദേശി അക്കരമ്മൽ മുക്കണ്ണൻ മുഹമ്മദ് കാസിം (38), മമ്പാട് പൊങ്ങല്ലൂർ സ്വദേശി ഷമീം (35), ആമയൂർ സ്വദേശി സമീർ കുന്നുമ്മൽ (35) എന്നിവരാണ് പിടിയിലായത്. അരീക്കോട് മൈത്രയിൽ ഫാം നടത്തുന്നതിന്റെ മറവിൽ വൻതോതിൽ മയക്കുമരുന്ന് വിൽപന നടത്തിവരുകയായിരുന്നു മൂവരുമെന്ന് എക്സൈസ് സംഘം പറഞ്ഞു. കാസിമിന്റെ ഉടമസ്ഥതയിലുള്ള ഫാമിൽ താമസിക്കുന്ന മറ്റു രണ്ട് പേരാണ് ഇയാൾ ഏൽപ്പിക്കുന്ന മയക്കുമരുന്ന് വിൽപന നടത്തിയിരുന്നത്.ഫാമിൽ നടത്തിയ പരിശോധനയിൽ 52 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.തുടർന്ന് കാസിമിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 90 ഗ്രാമും കണ്ടെത്തി.
എക്സൈസ് കമീഷനറുടെ ഉത്തരമേഖല സ്ക്വാഡും മലപ്പുറം ഇന്റലിജൻസ് ബ്യൂറോയും മഞ്ചേരി റേഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മൂവർ സംഘം വലയിലായത്. മഞ്ചേരി റേഞ്ച് ഇൻസ്പെക്ടർ ഇ.ടി. ഷിജു, എക്സൈസ് കമീഷനറുടെ ഉത്തര മേഖല സ്ക്വാഡ് അംഗങ്ങളായ എക്സൈസ് ഇൻസ്പെക്ടർമാരായ പി.കെ. മുഹമ്മദ് ഷഫീഖ്, ടി. ഷിജുമോൻ, പ്രിവൻറിവ് ഓഫിസർ കെ.എം. ശിവപ്രകാശ്, പ്രിവൻറിവ് ഓഫിസർ ഗ്രേഡുമാരായ മുഹമ്മദാലി, സുഭാഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ രാജൻ നെല്ലിയായി, ജിഷിൽ നായർ, ഇ. അഖിൽ ദാസ്, കെ. സച്ചിൻദാസ്, വനിത സിവിൽ എക്സൈസ് ഓഫിസർ കെ. ധന്യ, എക്സൈസ് ഡ്രൈവർ ഉണ്ണികൃഷ്ണൻ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.