ചെന്നൈ: നാഷണൽ ഹെറാൾഡ് കേസിൽ ഇഡി നടപടി നേരിടുന്ന കോൺഗ്രസ് നേതാക്കൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യസഖ്യത്തിലെ പ്രധാനകക്ഷിയായ ഡിഎംകെ. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷകക്ഷികളെ വേട്ടയാടുന്ന കേന്ദ്രനടപടിയെ എതിർക്കുകയെന്നതാണ് സിപിഎമ്മിന്റെ നിലപാടെന്ന് പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബിയും വ്യക്തമാക്കി.
പ്രതിപക്ഷത്തെ വിവിധകക്ഷികളുടെ നേതാക്കൾക്കും കുടുംബാംഗങ്ങൾക്കുമെതിരേ ഇഡിയും മറ്റു കേന്ദ്ര അന്വേഷണ ഏജൻസികളും നടപടികളെടുത്തപ്പോൾ ഭിന്നനിലപാടുകളാണ് കോൺഗ്രസ് നേതൃത്വം സ്വീകരിച്ചിരുന്നത്. എന്നാൽ, കോൺഗ്രസ് നേതാക്കളായ സോണിയാഗാന്ധിക്കും രാഹുൽഗാന്ധിക്കുമെതിരായ ഇഡി നടപടിക്കെതിരേ ബിജെപി ഇതരകക്ഷികൾ ഭിന്നത വെടിഞ്ഞ് പ്രതിരോധം തീർക്കുമെന്ന സൂചനയാണ് ഡിഎംകെയും സിപിഎമ്മും നൽകുന്നത്.
സോണിയക്കും രാഹുലിനുമെതിരായ ഇഡി കുറ്റപത്രം ലജ്ജാകരമായ രാഷ്ട്രീയ പകപോക്കലാണെന്നും അത് അനുവദിക്കാനാകില്ലെന്നും ഡിഎംകെ ട്രഷററും പാർലമെന്ററി പാർട്ടിനേതാവുമായ ടി.ആർ. ബാലു എംപി പ്രസ്താവനയിൽ പറഞ്ഞു. സിപിഎം കോൺഗ്രസിനെ പിന്തുണയ്ക്കുമോ എന്നുള്ള മട്ടിലാണ് ഈ വിഷയത്തെ പലരും അവതരിപ്പിക്കുന്നതെന്ന് ഞായറാഴ്ച ചെന്നൈയിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവേ എം.എ. ബേബി പറഞ്ഞു.