മധുര: കേരളത്തില്‍നിന്ന് പുതുതായി മൂന്നുപേര്‍ സിപിഎം കേന്ദ്രകമ്മിറ്റി (സിസി)യിലെത്തി. എല്‍ഡിഎഫ് കണ്‍വീനര്‍ കൂടിയായ ടിപി രാമകൃഷ്ണന്‍, പുത്തലത്ത് ദിനേശന്‍, കെ.എസ്.സലീഖ എന്നിവരാണ് കേന്ദ്ര കമ്മിറ്റിയിലെത്തിയ മൂന്നു മലയാളികള്‍. പുതിയ കേന്ദ്രകമ്മിറ്റി പാനല്‍ സിസിയില്‍ വച്ചപ്പോള്‍ യുപി, മഹാരാഷ്ട്ര ഘടകത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് മത്സരത്തിനൊടുവിലാണ് പാനല്‍ അംഗീകരിച്ചത്. എതിര്‍ത്ത് മത്സരിച്ച ഡി.എല്‍ കാരാഡ് പരാജയപ്പെട്ടെങ്കിലും അദ്ദേഹത്തിന് 31 വോട്ടുകള്‍ ലഭിച്ചു. ജോണ്‍ ബ്രിട്ടാസ് എം.പി അടക്കം നാല് പേരെ കേന്ദ്രകമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാക്കളായി ഉള്‍പ്പെടുത്തി. പിബിയില്‍ 50 ശതമാനത്തോളം പുതുമുഖങ്ങള്‍ക്ക് ഇടം നല്‍കിയപ്പോള്‍ കേന്ദ്രകമ്മിറ്റിയിലും അതേ അഴിച്ചുപണി നടന്നു. 84 അംഗ കമ്മിറ്റിയില്‍ മൂന്നിലൊന്ന് പുതുമുഖങ്ങള്‍ എത്തി. പുതിയ കമ്മിറ്റിയില്‍ 30 പേരെയാണ് പുതുതായി ഉള്‍പ്പെടുത്തിയത്
85 അംഗ കേന്ദ്ര കമ്മിറ്റിയില്‍ 15 വനിതകളാണുള്ളത്. ഒരു സ്ഥാനം ഒഴിച്ചിട്ടിട്ടുണ്ട്. ഏഴുപേര്‍ പ്രത്യേക ക്ഷണിതാക്കളാണ്. വനിതാ പ്രാതിനിധ്യം കൂടി കണക്കിലെടുത്താണ് കെ. സലീഖയെ കേന്ദ്ര കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. കേന്ദ്രകമ്മിറ്റിയിലേക്ക് പുതുതായി എത്തിയ പുത്തലത്ത് ദിനേശന്‍ നിലവില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ദേശാഭിമാനി ചീഫ് എഡിറ്ററുമാണ്.
പിബിയില്‍നിന്ന് ഇത്തവണ ഒഴിവാകുന്ന മണിക് സര്‍ക്കാര്‍, പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട്, സുഭാഷിണി അലി, എസ്. രാമചന്ദ്രന്‍ പിള്ള, ബിമന്‍ ബസു, ഹനന്‍ മൊള്ള എന്നിവരാണ് കേന്ദ്രകമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാക്കളായി തുടരുന്നത്.ഇത്തവണ പി.കെ. ശ്രീമതി, യൂസഫ് തിരിഗാമി എന്നിവര്‍ക്കു മാത്രമാണ് കേന്ദ്ര കമ്മിറ്റിയില്‍ പ്രായപരിധിയില്‍ ഇളവ് നല്‍കിയിരിക്കുന്നത്. എസ്.രാമചന്ദ്രന്‍ പിള്ള, ഹനന്‍ മൊള്ള, ബിമന്‍ ബസു എന്നിവര്‍ കഴിഞ്ഞതവണ തന്നെ പ്രായപരിധി മാനദണ്ഡത്തില്‍ ഒഴിവാക്കപ്പെട്ടിരുന്നു. ഇവര്‍ ഇത്തവണയും ക്ഷണിതാക്കളാണ്. കശ്മീരിലെ സാഹചര്യം പരിഗണിച്ചാണ് തരിഗാമിക്ക് ഇളവ് നല്‍കിയത്. മഹിളാ അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് എന്നത് പരിഗണിച്ചാണ് പി.കെ. ശ്രീമതിയ്ക്ക് ഇളവ് നല്‍കിയത്.