തിരുവനന്തപുരം: പാർലമെന്റ് തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 20 സീറ്റുകളിൽ ഇടതുമുന്നണി 12 സീറ്റ് വരെ നേടുമെന്ന് സി.പി.ഐ. കടുത്ത പോരാട്ടം നടന്ന തൃശൂരിലും മാവേലിക്കരയിലും പാർട്ടിക്ക് ജയം ഉറപ്പാണെന്നാണ് വിലയിരുത്തൽ. പാർട്ടി സംസ്ഥാന എക്സിക്യൂട്ടിവാണ് ഈ വിലയിരുത്തലിലെത്തിയത്. സി.പി.ഐ ദേശീയ നേതാവുകൂടിയായ ആനി രാജ മത്സരിച്ച വയനാട് പാർലമെന്റ് മണ്ഡലത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം ഗണ്യമായി കുറയുമെന്നും പാർട്ടി വിലയിരുത്തുന്നു.
കടുത്ത ത്രികോണ മത്സരം നടന്ന തിരുവനന്തപുരത്ത് പാർട്ടി സ്ഥാനാർഥി പന്ന്യൻ രവീന്ദ്രന് നേരിയ ഭൂരിപക്ഷത്തിൽ ജയിക്കാനാകുമെന്നും സി.പി.ഐ കണക്കുകൂട്ടുന്നുണ്ട്. നേരത്തേ സി.പി.എമ്മും കേരളത്തിൽ എൽ.ഡി.എഫിന് 12 സീറ്റുകളിൽ ജയസാധ്യതയുണ്ടെന്ന് വിലയിരുത്തിയിരുന്നു.
സി.പി.എം ജയസാധ്യത കൽപിച്ച അതേ സീറ്റുകളാണ് സി.പി.ഐയും വിജയസാധ്യതയുള്ളവയായി എണ്ണുന്നത്. ആറ്റിങ്ങൽ, മാവേലിക്കര, തൃശൂർ, ആലത്തൂർ, പാലക്കാട്, കാസർകോട്, കണ്ണൂര്‍, വടകര, കോഴിക്കോട് അടക്കമുള്ള മണ്ഡലങ്ങളിൽ എൽ.ഡി.എഫിന് സാധ്യതയുണ്ടെന്നാണ് എക്സിക്യൂട്ടിവ് കമ്മിറ്റി വിലയിരുത്തിയത്. സി.പി.എമ്മും ഇതേ രീതിയിലുള്ള വിലയിരുത്തലിലാണ് തെരഞ്ഞെടുപ്പിന് ശേഷം എത്തിയത്.
പാർട്ടി മത്സരിച്ച നാലു മണ്ഡലങ്ങളിൽ രണ്ടിലും വിജയം സുനിശ്ചിതമാണെന്നാണ് സി.പി.ഐ നിഗമനം. തൃശൂരിൽ വി.എസ്. സുനിൽകുമാർ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും. മാവേലിക്കരയിൽ അരുൺ കുമാറിന്റെ ജയവും ഉറപ്പാണെന്ന് സി.പി.ഐ കണക്കുകൂട്ടുന്നു. ഉറച്ച ജയസാധ്യതയുള്ള മണ്ഡലങ്ങളിൽ തിരുവനന്തപുരത്തെ ഉൾപ്പെടുത്തുന്നില്ലെങ്കിലും നേരിയ ഭൂരിപക്ഷത്തിൽ ജയിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്.
ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണം മുന്നണിക്ക് അനുകൂലമായി ഉണ്ടായിട്ടുണ്ടെന്നാണ് സി.പി.ഐ കണക്കുകൂട്ടുന്നത്. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം വലിയ തോതിൽ കുറക്കാൻ ആനി രാജക്ക് കഴിയുമെന്നും സംസ്ഥാന എക്സിക്യൂട്ടിവ് വിലയിരുത്തുന്നു.