തൃശ്ശൂർ: ചാവക്കാട് പോലീസുകാർക്ക് കുത്തേറ്റു. എസ്.ഐ. അരുൺ സോമൻ, സിപിഒ ശരത് എന്നിവർക്കാണ് കുത്തേറ്റത്. കൈക്ക് കുത്തേറ്റ ശരത്തിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഹോദരനെ ആക്രമിക്കാൻ ശ്രമിച്ച പ്രതിയെ പിടികൂടാനെത്തിയപ്പോഴാണ് പോലീസിന് നേരെ ആക്രമണം ഉണ്ടായത്.
ചാവക്കാട് മണത്തല ബേബി റോഡിൽ വ്യാഴാഴ്ച പുലർച്ചേയായിരുന്നു സംഭവം. ചാവക്കാട് സ്വദേശി നിസാറും സഹോദരനും തമ്മിലുള്ള തർക്കം അന്വേഷിക്കാനെത്തിയതായിരുന്നു പോലീസ്. നിസാറിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ നിസാർ പോലീസുകാരെ ആക്രമിക്കുകയായിരുന്നു.മാനസികാസ്വാസ്ഥ്യമുള്ള ആളാണ് നിസാർ എന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് ശേഷം സ്ഥലത്തുനിന്നും രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ നാട്ടുകാരും പോലീസും ചേർന്ന് സാഹസികമായി പിടികൂടുകയായിരുന്നു.