തിരുവനന്തപുരം: ചാക്കയിൽ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി ഹസൻ കുട്ടിക്ക് (45) ശിക്ഷ വിധിച്ചു. 67 വർഷത്തെ തടവും 12 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി.
പരമാവധി ശിക്ഷ കൊടുക്കണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദിച്ചത്. താൻ നിരപരാധിയാണെന്നാണ് പ്രതി അന്ന് കോടതിയിൽ പറഞ്ഞത്.2024 ഫെബ്രുവരി 18നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ചാക്കയിൽ ബ്രഹ്‌മോസിന് സമീപം ഹൈദരാബാദ് സ്വദേശികളായ മാതാപിതാക്കൾക്കൊപ്പം ടെന്റിൽ കിടന്നുറങ്ങിയ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം സമീപത്തെ കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. ബ്രഹ്‌മോസിലെ സിസിടിവി ക്യാമറകളിൽ നിന്നാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.പ്രതിയുടെ വസ്ത്രത്തിൽ നിന്ന് കിട്ടിയ കുട്ടിയുടെ മുടി ശാസ്ത്രീയ പരിശോധനയിൽ നിർണായക തെളിവായിരുന്നു.
സംഭവത്തിന് ദിവസങ്ങൾക്ക് മുൻപാണ് പ്രതി കൊല്ലം ആയൂർ പൊലീസ് രജിസ്റ്റർ ചെയ്തിരുന്ന പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങിയത്. തുടർന്ന് ആലുവയിലെ ഒരു ഹോട്ടലിൽ ജോലി നോക്കിയിരുന്നു. ഇവിടെ നിന്ന് തിരുവനന്തപുരത്തെത്തിയ ശേഷമാണ് നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.സംഭവത്തിനുശേഷം ആലുവയിലേക്ക് മടങ്ങിയ പ്രതി അവിടെ നിന്ന് അവധിയെടുത്ത് പഴനിയിൽ പോയി തലമുണ്ഡനം ചെയ്ത് മടങ്ങിവരവെ കൊല്ലത്തുവച്ച് പേട്ട പൊലീസ് പിടികൂടുകയായിരുന്നു.